കൊല്ലം: കാണാതായ അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. 22 മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കൊല്ലത്തെ തിരക്കേറിയ ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്. ഇവിടെയുണ്ടായിരുന്ന നാട്ടുകാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കണ്ട ചിത്രങ്ങളാണ് ഇതിന് സഹായിച്ചതെന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാര്‍ പറഞ്ഞു. കുട്ടി അവശനിലയിലായിരുന്നു. അവിടെയുള്ളവര്‍ വെള്ളവും ബിസ്കറ്റും നൽകി. ഉടനെ പൊലീസിൽ അറിയിക്കുകയും അവർ സ്ഥലത്തെത്തി കുട്ടിയെ കൊണ്ടുപോവുകയായിരുന്നു.
പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കേരളക്കരയാകെ മണിക്കൂറുകളായി തിരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പൊലീസുകാര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും.
അതേസമയം തീരപ്രദേശങ്ങളിലേക്കും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. പ്രതികള്‍ ഉപയോഗിച്ച വാഹനം കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ പൊലീസിന് ലഭിച്ച രണ്ട് നമ്പറുകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2016 മോഡല്‍ വെള്ള സ്വിഫ്റ്റ് കാറാണ് പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Post Your Comments