മലപ്പുറം: മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ തങ്ങളുടെ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ ഉറച്ച നിലപാട് എടുത്തിട്ടും ഇരുകൂട്ടര്‍ക്കും തിരിച്ചടി. മുസ്ലിം ലീഗിന്റെ സമുന്നത നേതാവായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകളുടെ ഭര്‍ത്താവ് ഹസീബ് തങ്ങള്‍ നവകേരള സദസിന്റെ പ്രഭാതഭക്ഷണ യോഗത്തില്‍ പങ്കെടുത്തു.
വികസനത്തിന്റെ കാര്യത്തില്‍ വ്യക്തിപരമായി രാഷ്ട്രീയം കാണുന്നില്ലെന്ന് ഹസീബ് തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ‘വികസനകാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കും. വികസന വിഷയങ്ങള്‍ പറയാനാണ് നവകേരള സദസില്‍ പങ്കെടുത്തത്. തിരൂരിന്റെ വിവിധ പ്രശ്നങ്ങള്‍ അറിയിച്ചു’,ഹസീബ് തങ്ങള്‍ വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ മുതിര്‍ന്ന നേതാവും ഡിസിസി അംഗവുമായ സി മൊയ്തീനും നവകേരള സദസിന്റെ പ്രഭാതഭക്ഷണ യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസിന്റെ തിരുനാവായ മുന്‍ ബ്ലോക്ക് പ്രസിഡന്റ് കൂടിയാണ് സി മൊയ്തീന്. നവകേരള സദസുമായി സഹകരിക്കരുതെന്ന കെപിസിസി നിര്‍ദ്ദേശം അവഗണിച്ചാണ് മലപ്പുറത്ത് കോണ്‍ഗ്രസിന്റെ പ്രധാനനേതാക്കളില്‍ ഒരാള്‍ തന്നെ പങ്കെടുത്തിരിക്കുന്നത്.
അതേസമയം, നവകേരള സദസ് ബഹിഷ്കരിക്കണമെന്നും സഹകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നുമാണ് മുസ്ലിം ലീഗ് നിലപാട്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ നവകേരള സദസിന്റെ പ്രഭാതഭക്ഷണ പരിപാടിയില്‍ പങ്കെടുത്തതിന് പ്രാദേശിക നേതാക്കളെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനാല്‍ തന്നെ നവകേരള സദസിലെ ഹസീബ് തങ്ങളുടെ പ്രാതിനിധ്യം പാണക്കാട് കുടുംബത്തിന് തലവേദനയാകാനാണ് സാധ്യത.
Post Your Comments