കൊച്ചി: കളമശ്ശേരി കുസാറ്റ് അപകടത്തിന്റെ ഞെട്ടലിലാണ് ആളുകൾ. ആരവങ്ങളും ബഹളങ്ങളും ആസ്വദിക്കുന്നതിനിടെ ആയിരുന്നു ആ ദുരന്തം നടന്നത്. ക്യാമ്പസിൽ നടന്ന ടെക്ക് ഫെസ്റ്റിന്റെ അവസാനദിവസം ആയിരുന്നു സംഭവം. അപകടത്തിൽ നാലുജീവനുകൾ പൊലിയുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ഇതിൽ ആൽവിൻ ഒഴികെയുള്ള മൂന്നു പേരും രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്.
അപകടത്തിൽ മരിച്ച ആൻ റുഫ്തയുടെ അമ്മ ഇറ്റലിയിൽ ആണ്. വിസിറ്റിങ് വിസയിലാണ് ഇവർ അടുത്തിടെ ഇറ്റലിയിലേക്ക് പോയത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പും ആൻ റിഫ്ത വീട്ടിലേക്ക് വിളിച്ച് സഹോദരനോടും മറ്റും സംസാരിച്ചിരുന്നു. വലിയൊരു സംഗീത പരിപാടി നടക്കാൻ പോകുകയാണെന്ന് പറഞ്ഞ ആൻ അതിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷവും പങ്കുവച്ചിരുന്നു. പിന്നീട് കുറേ നേരം കഴിഞ്ഞും വിളിക്കാതായതോടെ സഹോദരൻ അങ്ങോട്ട് വിളിക്കുകയായിരുന്നു.
അപ്പോൾ ആൻ റിഫ്തയുടെ സുഹൃത്തുക്കളാണ് ഫോണെടുത്തത്. ശ്വാസതടസം ഉണ്ടായതിനെത്തുടർന്ന് ആൻ റിഫ്തയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നെന്നാണ് അവർ പറഞ്ഞത്. തുടർന്ന് സഹോദരനും ബന്ധുക്കളും കളമശേരി മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്.ആൻ റിഫ്തയുടെ സംസ്കാരം വടക്കൻ പറവൂർ കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് ദേവാലയത്തിൽ ചൊവ്വാഴ്ച നടക്കും. കുസാറ്റ് കാമ്പസിൽ പൊതുദർശനത്തിനു ശേഷം മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും.
ഇറ്റലിയിലുള്ള മാതാവ് സിന്ധു ചൊവ്വാഴ്ച എത്തും.ആൻ റുഫ്തയെ പഠിപ്പിക്കാൻ പണം കണ്ടെത്താൻ ജോലി തേടിയാണ് ഇവർ ഇറ്റലിയിലേക്ക് പോയതെന്ന് സ്ഥലം എംഎൽഎയും പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്റെ സമയമാണിപ്പോഴെന്നും എല്ലാവരും അതിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments