KeralaLatest News

മരിച്ച 4പേരുടെയും പോസ്റ്റുമോർട്ടം ഇന്ന്, 2 പേരുടെ നില ഗുരുതരമായി തുടരുന്നു, ചികിത്സാചെലവ് സർവകലാശാല വഹിക്കും

കൊച്ചി: കളമശ്ശേരി കുസാറ്റിലുണ്ടായ അപകടത്തിൽ മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു. ഇവരിൽ മൂന്നുപേർ വിദ്യാർത്ഥികളാണ്. നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത (21), കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി (21), കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ്‌ (20), പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ഇതിൽ ആൽവിൻ ഒഴികെയുള്ള മൂന്നു പേരും രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്. 72 പേർക്ക് പരുക്കേറ്റു.

പരിക്കേറ്റവർ കളമശേരി മെഡിക്കൽ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. രണ്ടു പെൺകുട്ടികളുടെ നില അതീവഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹം കളമേശരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ ഏഴുമണിയോടെ നടക്കും. പരുക്കേറ്റവരെ സന്ദർശിച്ച് മന്ത്രി ഡോ.ആർ ബിന്ദുവിനും മന്ത്രി പി.രാജീവും. ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.

‘അങ്ങേയറ്റം ദുഃഖകരമായ സംഭവം. അപ്രതീക്ഷിതമായ സംഭവമാണ് കുസാറ്റിലുണ്ടായത്. നാല് പേരെയാണ് നമുക്ക് നഷ്ടമായത്. ഐസിയുവിലുള്ള രണ്ട് പേരുടെ നില ആശങ്കാജനകമല്ല. ആസ്റ്ററിലേയും കിൻഡറിലേയും ചുമതലക്കാരുമായി സംസാരിച്ചു. ആസ്റ്ററിൽ ഐസിയുവിലുള്ളവരുടെ നില അൽപം ക്രിട്ടിക്കലാണ്. കിൻഡറിലുള്ള രണ്ട് പേരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. എല്ലാവിധത്തിലുമുള്ള ചികിത്സാ സംവിധാനങ്ങളും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്’ മന്ത്രി പി രാജീവ് പറഞ്ഞു. കുട്ടികളുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഗീതനിശ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു ദുരന്തം. സ്കൂൾ ഓഫ് എൻജിനീയറിങ് ആണ് പരിപാടി സംഘടിപ്പിച്ചത്. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു.

ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്ന ഇന്നലെ, പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയാണ് സംഘടിപ്പിച്ചിരുന്നത്. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർത്ഥികളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർത്ഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്യുകയും നിരവധി ആളുകൾ കൂട്ടമായി ഇവിടേയ്ക്ക് എത്തുകയും ചെയ്തു. തിരക്കിൽ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റത്.

ക്യാംപസിനുള്ളിലുള്ള മറ്റു വിദ്യാർത്ഥികളെ പൊലീസിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും സംഭവസ്ഥലത്തേയ്ക്കു തിരിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. മതിയായ 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി. ഹെൽപ് ഡെസ്‌ക് നമ്പർ: 8590886080, 9778479529

shortlink

Post Your Comments


Back to top button