
ലണ്ടൻ: കോംഗോയിൽ ആദ്യമായി കുരങ്ങുപനിയുടെ ലൈംഗിക സംക്രമണം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലൈംഗികബന്ധത്തിലൂടെ കുരങ്ങുപനി പകരുന്നത് സ്ഥിരീകരിച്ചതോടെ രോഗബാധ തടയുന്നത് ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിലാണ് ഡോക്ടർമാർ.
രോഗബാധിതരായ ആളുകളുമായുള്ള സമ്പർക്കത്തിലൂടെയും അവരുടെ ശരീരസ്രവങ്ങൾ, വസ്ത്രങ്ങൾ അല്ലെങ്കിൽ ബെഡ്ഷീറ്റുകൾ എന്നിവയിലൂടെയും രോഗം പകരാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിവേഗത്തിലാണ് രോഗവ്യാപനം നടക്കുന്നത് എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ഇതുവരെ പതിനാല് രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ലൈംഗിക ബന്ധത്തിലൂടെ പകരുമെന്നത് ഇതാദ്യമായാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
കൂടതലും ചെറുപ്പക്കാരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ആഫ്രിക്കയ്ക്ക് പുറത്ത് അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒരു രോഗത്തിന്റെ വളരെ വിചിത്രമായ വ്യാപനമാണ് സംഭവിച്ചത്. ആഫ്രിക്കയിലേക്ക് യാത്ര ചെയ്യാത്ത ആളുകൾക്കിടയിൽ ഇതാദ്യമായി രോഗ വ്യാപനം കണ്ടെത്തിയതോടെ കടുത്ത ജാഗ്രതയിലാണ് പല രാജ്യങ്ങളും. ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. എന്നാൽ പൊതുജനങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് അവർ ഊന്നിപ്പറയുന്നു.
‘ബെൽജിയത്തിൽ ഉള്ള ഒരാൾ ഇക്കഴിഞ്ഞ മാർച്ചിൽ കോംഗോയിലേക്ക് പോയി, താമസിയാതെ അയാൾ മങ്കിപോക്സ് പോസിറ്റീവ് ആയി. ഇയാൾ ഒരു സ്വവർഗ്ഗാനുരാഗി ആണെന്നും ട്രാൻസ്, ബൈസെക്ഷ്വൽ പുരുഷന്മാർക്കു വേണ്ടി മാത്രമുള്ള ഭൂഗർഭ ക്ലബ്ബുകളിൽ പോയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഇയാളുമായുള്ള ലൈംഗിക ബന്ധത്തിൽ അഞ്ച് പേർക്ക് പിന്നീട് മങ്കിപോക്സ് പോസിറ്റീവ് ആയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
Post Your Comments