കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികം ആളുകള്‍ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമായത്. തിരക്ക് നിയന്ത്രിക്കാന്‍ ആരും ഇല്ലാത്തതുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും ഒരു ഗെയ്റ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
പെട്ടൊന്നൊരു അപകടമുണ്ടായാല്‍ രക്ഷപ്പെടാനുള്ള വഴി ഓഡിറ്റോറിയത്തില്‍ ഇല്ലായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. നാട്ടുകാരും പൊതുപ്രവർത്തകരുമാണ് രക്ഷാപ്രവർത്തനത്തിനായി ആദ്യം എത്തിയത്. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സംഘാടകരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് അപകടത്തിന് കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എത്ര കുട്ടികള്‍ ഉണ്ടെന്നുൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസിന് കൃത്യതയില്ല.
അതേസമയം, മരിച്ചവരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, വടക്കന്‍ പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൂവരും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്. ക്യാമ്പസിലെ ടെക് ഫെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് വൈകുന്നേരം 7ന് ആയിരുന്നു അപകടം സംഭവിച്ചത്. പരിപാടിയുടെ അവസാന ദിവസമായ ഇന്ന് നികിത ഗാന്ധിയുടെ ഗാനമേള തുടങ്ങുമ്പോഴായിരുന്നു അപകടം. പരിപാടിയ്ക്ക് വിദ്യാര്‍ത്ഥികളെ കൂടാതെ പുറത്ത് നിന്നും നിരവധി ആളുകള്‍ എത്തിയിരുന്നു. ടീ ഷര്‍ട്ടും ടാഗും അണിഞ്ഞവരെ മാത്രമാണ് ഓഡിറ്റോറിയത്തിലേക്ക് കടത്തി വിട്ടിരുന്നത്. എന്നാല്‍ മഴ തുടങ്ങിയതോടെ കൂടുതല്‍ പേര്‍ ഓഡിറ്റോറിയത്തിലേക്ക് ഓടി കയറുകയായിരുന്നു.
Post Your Comments