KeralaLatest NewsNews

സർക്കാരിന് തിരിച്ചടി; വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുത്: ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

എറണാകുളം: നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കുടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. സംസ്ഥാനത്തെ ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാന്‍ സർക്കാരിന് അധികാരമില്ല. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിന്‍റെ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഇടക്കാല ഉത്തരവ്.

അതേസമയം, വിദ്യാര്‍ത്ഥികളെ ഇനി നവകേരള സദസില്‍ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. നവകേരള സദസിന് അഭിവാദ്യമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ച സംഭവം വലിയ വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. കുട്ടികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ എല്ലാ ഉത്തരവുകളും പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉത്തരവുകള്‍ തിങ്കളാഴ്ച പിന്‍വലിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അശോക് ചെറിയാന്‍ കോടതിയെ അറിയിച്ചത്.

ഇത് കൂടാതെ നവകേരള സദസിന് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന ഉത്തരവും ഉടന്‍ പിന്‍വലിക്കുമെന്നും അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഉറപ്പ് നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്നു ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നത്. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കാസർഗോഡ് കൊട്ടോടി സ്വദേശി ഫിലിപ്പ് ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button