പാലാ: ജിവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ നാട് മുഴുവൻ പ്രാർത്ഥനയോടെ കാത്തിരുന്നിട്ടും ഹെലനെ ജീവനോടെ തിരിച്ചു കിട്ടിയില്ല. കുത്തൊഴുക്കിൽ കാൽവഴുതി വീണ് ഒഴുകിപ്പോയ ഹെലനായി സഹപാഠികളും നാട്ടുകാരും പ്രാർത്ഥനയോടെ നിലകൊള്ളുകയായിരുന്നു. അവരുടെ പ്രതീക്ഷകളെ തകിടം മറിച്ച് അങ്ങകലെ മീനച്ചിലാറ്റിൽനിന്ന് കുഞ്ഞുമൃതദേഹം കിട്ടിയ വാർത്ത വിതുമ്പലോടെയാണ് അവർ കേട്ടത്.
ചിരിച്ചു കളിച്ചും പഠിച്ചും സ്‌കൂളിൽനിന്ന് വീട്ടിലേക്കുമടങ്ങിയ ഹെലൻ ജീവിതത്തിൽനിന്ന് മടങ്ങിയത് വിശ്വസിക്കാനാകാതെയാണ് കേട്ടത്. അപകടമുണ്ടായതറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പ്രതീക്ഷയിലായിരുന്നു. കുത്തൊഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കുന്നനാംകുഴി ഭാഗത്തുനിന്ന് ഏറെ അകലെയുള്ള സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. രാവിലെ മൃതദേഹം കണ്ടെത്താനായി മീനച്ചിലാറ്റിൽ കളരിയാമ്മാക്കൽ കടവുവരെ തിരച്ചിൽ നടത്തിയിരുന്നു.
ഉച്ചകഴിഞ്ഞും മൃതദേഹം കിട്ടാത്തത് നാട്ടുകാരെയും ബന്ധുക്കളെയും കുടുംബാംഗങ്ങളെയും ഏറെ സങ്കടത്തിലാക്കിയിരുന്നു. ഇടപ്പാടി കുന്നിൽ സജിയുടെ മകളാണ് രക്ഷപ്പെട്ട നിവേദ്യ. ഭരണങ്ങാനത്തുനിന്ന് ഓട്ടോയിലെത്തി പ്രധാന റോഡിൽനിന്ന് തിരിഞ്ഞ് അയൽക്കാരായ ഇവരുടെ വീടിരിക്കുന്ന അയ്യമ്പാറ റോഡിൽ കയറിപ്പോകുമ്പോൾ ഹെലനെ വെള്ളം തട്ടിയെടുക്കുന്നത് കൺമുന്നിൽകണ്ടത് സങ്കടത്തോടെ ഓർക്കുകയാണ് നിവേദ്യ.
സ്‌കൂളിൽനിന്ന് ഭരണങ്ങാനത്തിന് നടന്നുപോരുമ്പോൾ നിവേദ്യയുടെ അച്ഛന്റെ കൂട്ടുകാരൻ ഇരുവരെയും ഓട്ടോയിൽ കയറ്റി കൊണ്ടുപോയി കുന്നനാംകുഴി ഭാഗത്ത് ഇറക്കുകയായിരുന്നു. റോഡിലേക്ക് വെള്ളംകയറി ഒഴുകിയപ്പോൾ ആദ്യം മറിഞ്ഞുവീണത് താനായിരുന്നെന്ന് നിവേദ്യ പറയുന്നു. മുഖത്തും ദേഹത്തും വെള്ളം കയറിയപ്പോൾ ഒന്നുംകാണാൻ സാധിച്ചില്ല. ഒരുവിധത്തിൽ എണീറ്റപ്പോഴാണ് ഹെലൻ ഒഴുക്കിൽപ്പെട്ടതെന്ന് നിവേദ്യ ഓർക്കുന്നു. ഹെലനെ രക്ഷിക്കാൻ സാധിക്കുംമുമ്പ് ശക്തമായ കുത്തൊഴുക്കിൽ തോട്ടിലൂടെ വേഗത്തിൽ ഒഴുകിപ്പോകുകയായിരുന്നു. പുറകേ ഓടിയെങ്കിലും കാണാൻ സാധിച്ചില്ല.
നിവേദ്യയെ രക്ഷിക്കാൻ ഓടിയെത്തിയ ചേട്ടനും ഒപ്പം ഓടിയെത്താൻ ശ്രമിച്ചെന്ന് നിവേദ്യ പറയുന്നു. ചെറുക്ലാസുകൾ മുതൽ ഇരുവരും ഒരുമിച്ചാണ് സ്‌കൂളിലേക്ക് പോയിരുന്നതും മടങ്ങിയിരുന്നതും. മഴയുള്ള ദിവസങ്ങളിൽ ഇരുവരുടെയും കുടുംബാംഗങ്ങൾ സ്‌കൂളിൽനിന്ന് കൊണ്ടുപോകാൻ വാഹനവുമായി എത്തിയിരുന്നു. അല്ലാത്ത ദിവസങ്ങളിൽ നടന്നുപോരുകയാണ് പതിവ്. എങ്കിലും ഇനി ഒപ്പം സ്‌കൂളിലേക്ക് പോകാനും മടങ്ങാനും കളിക്കാനും പഠിക്കാനും തമാശകൾ പറഞ്ഞ് ചിരിക്കാനും ഹെലൻ ഇല്ലെന്ന് നിവേദ്യയ്ക്ക് വിശ്വസിക്കാനാകുന്നില്ല.
കൺമുൻപിലൂടെ സ്‌കൂൾകുട്ടി ഒഴുകിപ്പോകുന്നതുകണ്ട് ഓടിയെത്തിയെങ്കിലും ഒരുകുട്ടിയെ രക്ഷിക്കാൻ സാധിക്കാത്തതിന്റെ വിഷമത്തിലാണ് മൂന്നാനി സ്വദേശിയായ കളരിയാമ്മാക്കൽ കുഞ്ഞൂഞ്ഞ് എന്ന് ഏവരും വിളിക്കുന്ന ബിജു. കൊച്ചിടപ്പാടി സ്‌നേഹാരാം സ്‌പെഷ്യൽ സ്‌കൂളിലെ ഡ്രൈവറായ ബിജു കുട്ടികളെ ഇറക്കുന്നതിനായി അയ്യമ്പാറയിലെത്തിയപ്പോഴാണ് സംഭവം നടന്നത്. തോടുകവിഞ്ഞ് ശക്തമായ നിലയിലാണ് വെള്ളം റോഡിൽകയറി ഒഴുകിയത്. റോഡിലെ വെള്ളംകണ്ട് ബിജു ബസ് നിർത്തിയിടുകയായിരുന്നു.
ഹെലന്റെ ഒപ്പമുണ്ടായിരുന്ന നിവേദ്യയാണ് ആദ്യം വെള്ളത്തിൽ വീണത്. തുടർന്നാണ് ഹെലൻ ഒഴുക്കിൽപെട്ടത്. ബസിൽനിന്ന് ആദ്യംതന്നെ ഇറങ്ങി ഓടിച്ചെന്നെങ്കിലും ഒഴുക്കിൽപ്പെട്ട ഹെലനെ രക്ഷിക്കാനായില്ല. അതിശക്തമായ വെള്ളവും പാറക്കൂട്ടങ്ങളുമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്. ഒഴുക്കിൽപ്പെട്ട ഹെലന്റെ പിന്നാലെ രക്ഷിക്കാനായി കുറേ ദൂരം ബിജു ഓടി. ഇവർ ആദ്യം വീണിടത്ത് കയ്യാലയിൽ ഒരു പടിക്കെട്ട് ഉണ്ട്. അതിൽകൂടി കയറി വന്നിരുന്നെങ്കിൽ ദുരന്തം ഒഴിവായേനെയെന്നും നിറമിഴിയോടെ ബിജു പറയുന്നു.
Post Your Comments