Latest NewsKeralaNews

‘മാതൃസ്നേഹം നുണഞ്ഞ് കുഞ്ഞുറങ്ങുമ്പോൾ ഒരു സ്നേഹ പ്രപഞ്ചം തന്നെയാണ് ഉണ്ടായത്’: ആര്യയെ അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന, രോഗിയായ യുവതിയുടെ കുഞ്ഞിന് മുലയൂട്ടിയ വനിതാ പോലീസിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെയാണ് വനിതാ സിവിൽ പൊലീസ് ഓഫീസർ മുലയൂട്ടിയത്.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാട്ന സ്വദേശി അഞ്ജനയ്‌ക്ക് കുഞ്ഞിനെ ഏൽപ്പിക്കാൻ ആളില്ലാതെ വന്നതോടെയാണ് കൊച്ചി വനിതാ സിറ്റി പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ കുഞ്ഞിന്റെ പരിചരണം ഏറ്റെടുത്തത്.

കൊച്ചി സിറ്റി വനിതാ സ്റ്റേഷനിലെ ആര്യ എന്ന പോലീസ് ഉദ്യോഗസ്ഥയാണ് ഈ ഉദാത്ത സ്നേഹത്തിന്‍റെ നല്ല മാതൃകയ്ക്ക് പിന്നില്‍. ആര്യയുടെ അമ്മമനസിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. ആര്യയുടെ അമ്മമനസിനെ അഭിനന്ദിച്ച് മന്ത്രി വി.ശിവന്‍കുട്ടി ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

‘എറണാകുളത്ത് നിന്നൊരു സ്നേഹ വാർത്ത. എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ അഡ്മിറ്റായ പറ്റ്ന സ്വദേശിയുടെ 4 കുട്ടികളെ നോക്കാൻ ആരും ഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മറ്റു മൂന്നു കുട്ടികൾക്കും ആഹാരം വാങ്ങി നൽകിയപ്പോൾ 4 മാസം പ്രായമായ കുഞ്ഞിന് എന്ത് നൽകും എന്നതായി ചിന്ത. കൊച്ചുകുഞ്ഞുള്ള ആര്യ മുന്നോട്ട് വന്ന് കുഞ്ഞിന് മുലയൂട്ടി. മാതൃസ്നേഹം നുണഞ്ഞ് കുഞ്ഞുറങ്ങുമ്പോൾ ഒരു സ്നേഹ പ്രപഞ്ചം തന്നെയാണ് ഉണ്ടായത്. കുട്ടികളെ പിന്നീട് ശിശുഭവനിലേയ്ക്ക് മാറ്റി’, മന്ത്രി അറിയിച്ചു.

കഴിഞ്ഞ വര്‍ഷവും സമാനമായ ഒരു സംഭവത്തിന് കേരളം സാക്ഷിയായിരുന്നു. കുടുംബപ്രശ്നത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ചത് കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ എം ആര്‍ രമ്യ ആയിരുന്നു. രമ്യയെ കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മതിയായ ആഹാരം ലഭിക്കാതെ അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതിയ രമ്യയുടെ കാരുണ്യപൂര്‍വ്വമായ പ്രവൃത്തി സേനയുടെ യശസ്സ് വര്‍ധിപ്പിച്ചതായി സംസ്ഥാന പോലീസ് മേധാവി അഭിനന്ദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button