തിരുവനന്തപുരം: 28-ാമത് ഐഎഫ്എഫ്‌കെയിലെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് വിഖ്യാത പോളിഷ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക് സമ്മാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പത്തുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. യൂറോപ്യൻ സിനിമയിലെ അതികായനായ സനൂസിയുടെ ആറ് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. പെർഫക്റ്റ് നമ്പർ, ദ ഇല്യുമിനേഷൻ, ദ കോൺട്രാക്റ്റ്, ദ സ്പൈറൽ, ഫോറിൻ ബോഡി, എ ഇയർ ഓഫ് ദ ക്വയറ്റ് സൺ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 15ന് നിശാഗന്ധിയിൽ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
ജീവിതം, മരണം, വിശ്വാസം, ധാർമ്മികത, സ്വാതന്ത്ര്യം, അസ്തിത്വം, വാർധക്യം എന്നിവയെ സംബന്ധിച്ച ആകുലതകളും ഉത്കണ്ഠകളും പങ്കുവെക്കുന്നവയാണ് സനൂസിയുടെ ചിത്രങ്ങൾ. 1939ൽ വാഴ്സയിൽ ജനിച്ച സനൂസി പോളണ്ടിലെ ലോഡ്സിലെ നാഷണൽ ഫിലിം സ്‌കൂളിൽ നിന്ന് ബിരുദം നേടി. 1966ൽ സംവിധാനം ചെയ്ത ‘ഡത്തെ് ഓഫ് എ പ്രോവിൻഷ്യൽ അദ്ദേഹത്തിന്റെ ഡിപ്ലോമ ഫിലിം ആയിരുന്നു. വിശുദ്ധി, അശുദ്ധി, യൗവനം, വാർധക്യം, ജീവിതം, മരണം എന്നീ പ്രമേയങ്ങളിലൂടെ കടന്നുപോവുന്ന ഈ ഹ്രസ്വചിത്രം അദ്ദേഹത്തിന്റെ പിൽക്കാല ചലച്ചിത്രജീവിതത്തിന്റെ ദിശാസൂചിയായി. ആദ്യമായി സംവിധാനം ചെയ്ത ഫീച്ചർ ഫിലിം ‘ദ സ്ട്രക്ചർ ഓഫ് ക്രിസ്റ്റൽ’ പോളിഷ് സിനിമയിലെ മൂന്നാംതരംഗത്തിലെ സുപ്രധാന ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. എഴുപതുകളിലാണ് സനൂസിയുടെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങൾ പിറവി കൊണ്ടത്. ദ ഇല്യുമിനിഷേൻ (1973), കമോഫ്ളാഷ് (1976), ഫാമിലി ലൈഫ് (1970), സ്പൈറൽ (1978) എന്നിവ ഇതിൽപ്പെടുന്നു. ‘ലൈഫ് ഏസ് എ ഫാറ്റൽ സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസ്(1999),ഫോറിൻ ബോഡി (2014),എഥർ (2018), ദ പെർഫക്റ്റ് നമ്പർ (2022) എന്നിവയാണ് അദ്ദേഹത്തിന്റെ സമീപകാല ചിത്രങ്ങൾ.
1984ലെ വെനീസ് മേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ പുരസ്‌കാരം നേടിയ ചിത്രമാണ് ‘എ ഇയർ ഓഫ് ദ ക്വയറ്റ് സൺ’. ‘ദ കോൺസ്റ്റന്റ് ഫാക്ടർ’ കാൻ ചലച്ചിത്രമേളയിൽ പ്രത്യേകജൂറി പുരസ്‌കാരം നേടിയിട്ടുണ്ട്. തന്റെ സുഹൃത്തായ വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് കീസ്ലോവ്സ്‌കിയുടെ ‘ക്യാമറ ബഫ്’ എന്ന സിനിമയിൽ താനായി തന്നെ സനൂസി വേഷമിട്ടിരുന്നു.
1980കളുടെ ഒടുവിൽ സ്വീഡിഷ് സംവിധായകൻ ഇംഗ്മർ ബെർഗ്മാനുമായി ചേർന്ന് സനൂസി യൂറോപ്യൻ ഫിലിം അക്കാദമി സ്ഥാപിച്ചു. ചലച്ചിത്രാധ്യാപകൻ കൂടിയായ സനൂസി ഇപ്പോൾ സ്വിറ്റ്സർലന്റിലെ യൂറോപ്യൻ ഗ്രാജ്വേറ്റ് സ്‌കൂൾ, പോളണ്ടിലെ ക്രിസ്റ്റോഫ് കീസ്ലോവ്സ്‌കി ഫിലിം സ്‌കൂൾ എന്നിവിടങ്ങളിൽ പ്രൊഫസറാണ്. 1998ൽ നടന്ന ഐഎഫ്എഫ്‌കെയിൽ സനൂസി പങ്കെടുത്തിരുന്നു.
Post Your Comments