തിരുവനന്തപുരത്ത് നിന്ന് മലേഷ്യയുടെ തലസ്ഥാന നഗരയായ ക്വാലാലംപൂരിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന എയർ ഏഷ്യയുടെ പുതിയ റൂട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള എയർലൈനിന്റെ രണ്ടാമത്തെ റൂട്ടാണ് പുതുതായി പുറത്തുവിട്ടിരിക്കുന്നത്. ആഴ്ചയിൽ നാല് ദിവസമാണ് തിരുവനന്തപുരത്ത് നിന്ന് ക്വാലാലംപൂരിലേക്ക് സർവീസ് ഉണ്ടായിരിക്കുക. ഈ സർവീസുകൾ 2024 ഫെബ്രുവരി 21 മുതൽ ആരംഭിക്കും. അതേസമയം, ഇന്ന് മുതൽ 2024 ഒക്ടോബർ 26 വരെ തിരുവനന്തപുരത്ത് നിന്ന് ക്വാലാലംപൂരിലേക്ക് ഓൾ ഇൻ വൺ വേയിൽ 4,999 രൂപ മുതലുള്ള നിരക്കുകൾ എയർഏഷ്യ വാഗ്ദാനം ചെയ്യുന്നുണ്ട്.
യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾക്കായി എയർഏഷ്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, എയർഏഷ്യ സൂപ്പർ ആപ്പ് എന്നിവ സന്ദർശിക്കാവുന്നതാണ്. ഇതിനു മുൻപ് കൊച്ചിയിൽ നിന്നാണ് എയർഏഷ്യ ക്വാലാലംപൂരിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചത്. കൊച്ചിയിൽ നിന്ന് ആഴ്ചയിൽ 12 സർവീസുകൾ എയർഏഷ്യ നടത്തുന്നുണ്ട്. കൊച്ചിക്ക് പുറമേ, ദക്ഷിണേന്ത്യൻ നഗരങ്ങളായ ചെന്നൈ, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് 6 സർവീസുകളും, വടക്കേ ഇന്ത്യൻ നഗരങ്ങളായ അമൃതസർ, ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്ന് ക്വാലാലംപൂരിലേക്ക് ആഴ്ചയിൽ 2 സർവീസുകളും എയർഏഷ്യ നടത്തുന്നുണ്ട്.
Post Your Comments