തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ലോഡ്ജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. പത്തനാപുരം മാങ്കോട് തേൻകുടിച്ചാൽ സ്വദേശി അജിന്റെ (33) മരണത്തിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അജിന് ഒപ്പമുണ്ടായിരുന്ന വിവാഹിതയായ യുവതി പരസ്പര വിരുദ്ധമായ മൊഴി നൽകുന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്.
ചെട്ടിക്കുളങ്ങരയിലെ ലോഡ്‌ജിൽ ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാത്രി പത്തോടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ യുവാവും യുവതിയും മദ്യലഹരിയിലായിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. അജിനെ അബോധാവസ്ഥയിൽ കണ്ടതോടെ ഒപ്പമുണ്ടായിരുന്ന വിവാഹിതയായ യുവതി ലോഡ്‌ജ് ജീവനക്കാരുടെ സഹായത്തോടെ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് മരണം സ്ഥിരീകരിച്ചു. ആശുപത്രി അധികൃതർ അറിയിച്ചതോടെ ഒപ്പമുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു.
പുറത്തേക്കുപോയ ശേഷം മുറിയിൽ മടങ്ങിയെത്തുമ്പോൾ അജിൻ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടതെന്നും ഉടനെ ഹോട്ടൽ ജീവനക്കാരെ വിളിച്ച് ആശുപത്രിയിലെത്തിച്ചെന്നുമാണ് ആദ്യം യുവതി പൊലീസിനോട് പറഞ്ഞത്. എന്നാൽ മറ്റൊരു യുവതിയെക്കുറിച്ചുള്ള വഴക്കിനിടെ പിണങ്ങിയിറങ്ങിയ താൻ, വീണ്ടും റൂമിലെത്തുമ്പോൾ അജിൻ ഫാനിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതു കണ്ട് അഴിച്ചിടുകയായിരുന്നെന്ന് യുവതി പിന്നീട് പൊലീസിനോട് പറഞ്ഞു.
ഫാനിൽ കെട്ടിത്തൂങ്ങി നിൽക്കുന്ന അജിന്റെ കഴുത്തിലെ കെട്ടഴിച്ചിട്ട ശേഷം മൃതദേഹം കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച് കട്ടിലിൽ കിടത്തി. പിന്നീട് റിസപ്ഷനിൽ വിവരം അറിയിക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. യുവതിയുടെ മൊഴികളൊന്നും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
പോസ്റ്റുമോർട്ടത്തിൽ യുവാവിന്റെ കഴുത്തിൽ പൊട്ടൽ കണ്ടെത്തിയിരുന്നു.യുവതിയെ ചോദ്യം ചെയ്‌ത ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടു. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിച്ചശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
തൂങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അജിന് ഒപ്പമുണ്ടായിരുന്ന യുവതി പരസ്‌പര വിരുദ്ധമായി കാര്യങ്ങൾ വിശദീകരിക്കുന്നതിനാലാണ് പോസ്റ്റുമോർട്ടം,ആന്തരിക പരിശോധന റിപ്പോർട്ടുകൾ എന്നിവ വേഗത്തിലെത്തിച്ച് ദുരൂഹത നീക്കാൻ പൊലീസ് ശ്രമിക്കുന്നത്.
Post Your Comments