ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ ശൈത്യ കാലം എത്തിയതോടെ ചാർധാം ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനത്തിന് താൽക്കാലിക വിരാമം. അതിശക്തമായ മഞ്ഞുവീഴ്ച ആരംഭിച്ചതിനെത്തുടർന്ന് ഇതിനോടകം തന്നെ കേദാർനാഥ്, യമുനോത്രി, ഗംഗോത്രി തുടങ്ങിയ ക്ഷേത്രങ്ങൾ അടച്ചിട്ടുണ്ട്. ഇനി ചാർധാമുകളിലെ മറ്റൊരു പ്രധാന ക്ഷേത്രമായ ബദരീനാഥ് ഉടൻ തന്നെ അടയ്ക്കുന്നതാണ്. ശൈത്യത്തെ തുടർന്ന് ഒക്ടോബർ, നവംബർ മാസങ്ങളിൽ അടയ്ക്കുന്ന ചാർധാം ക്ഷേത്രങ്ങൾ, ശൈത്യകാലം അവസാനിച്ചതിനുശേഷം ഏപ്രിൽ-മെയ് മാസങ്ങൾ എത്താറാകുമ്പോഴേക്കാണ് തുറക്കുക.
ക്ഷേത്രങ്ങൾ അടയ്ക്കുന്നതിന് മുന്നോടിയായി പ്രതിഷ്ഠാ ചടങ്ങുകൾ നടത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയിലും നിരവധി തീർത്ഥാടകരാണ് കേദാർനാഥിൽ എത്തിയത്. ഈ കഴിഞ്ഞ തീർത്ഥാടന കാലത്ത് ഏകദേശം 19.5 ലക്ഷം തീർത്ഥാടകർ ചാർധാം യാത്ര നടത്തിയിട്ടുണ്ട്. ശൈത്യ കാലത്ത് ക്ഷേത്രം അടച്ചിടുന്ന വേളയിൽ ഉഖീമഠിലെ ക്ഷേത്രത്തിലാകും കേദാർനാഥിലെ പൂജകൾ നടത്തുക. ഇതിനായി ക്ഷേത്രത്തിലെ പഞ്ചമുഖി ഡോലി ഉഖീമഠിലേക്ക് മാറ്റാറാണ് പതിവ്. ക്ഷേത്രം തുറക്കുന്നത് വരെ ഉഖീമഠിൽ പൂജകൾ ഉണ്ടായിരിക്കുന്നതാണ്.
Post Your Comments