മഞ്ചേരി: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കാപ്പ നിയമപ്രകാരം പൊലീസ് പിടിയിൽ. മഞ്ചേരി പുൽപറ്റ സ്വദേശി ഒറ്റക്കണ്ടത്തിൽ പീടിയേക്കൽ വീട്ടിൽ ഷംസുദ്ദീനാണ്(48) അറസ്റ്റിലായത്.
ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ റിപ്പോർട്ട് പ്രകാരം കലക്ടർ വി.ആർ. വിനോദാണ് ഉത്തരവിറക്കിയത്. കാളികാവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വണ്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവുമായി പൊലീസിന്റെ പിടിയിലായ ഇയാൾ മൂന്നുമാസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.
മഞ്ചേരി, എടവണ്ണ, കരുവാരകുണ്ട്, വണ്ടൂർ, കാളികാവ്, നിലമ്പൂർ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഷംസുദ്ദീൻ ജില്ലയിലെ മയക്കുമരുന്ന് വിതരണക്കാരിൽ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ കുട്ടികൾക്കടക്കം മയക്കുമരുന്ന് വിൽപന നടത്തിയതിന് ഇയാളുടെ പേരിൽ കേസുണ്ട്.
മഞ്ചേരി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ ഹാജരാക്കി തടങ്കലിലാക്കി. ആറ് മാസത്തേക്കാണ് ജയിലിലാക്കിയത്.
Post Your Comments