ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള രക്ഷാദൗത്യം ആറാം ദിവസവും പിന്നിടുന്നു. രക്ഷാദൗത്യം വീണ്ടും നീളുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഡ്രില്ലിംങ് യന്ത്രം അവശിഷ്ടങ്ങള്‍ക്കിടയിലെ ലോഹഭാഗങ്ങളില്‍ തട്ടിയതോടെ രക്ഷപ്രവര്‍ത്തനം തടസ്സപ്പെടുകയായിരുന്നു. രക്ഷാദൗത്യം രണ്ടു ദിവസം കൂടി നീളുമെന്നാണ് സൂചന. സില്‍ക്യാര ടണലില്‍ 125 മണിക്കൂര്‍ പിന്നിട്ട ദൗത്യത്തില്‍ ആശങ്ക പടരുകയാണ്. ഡല്‍ഹിയില്‍ നിന്നുമെത്തിച്ച ഡ്രില്ലിങ് മെഷീന്‍ പ്രവര്‍ത്തനക്ഷമമായതോടെ ദൗത്യത്തിന് വേഗത കൈവന്നിരുന്നു.
എന്നാല്‍ രാവിലെ 10 മണിയോടെ ഡ്രില്ലിംങ് വീണ്ടും നിലച്ചു. 25 മീറ്ററോളം തുരന്നു പോയ മെഷീന്‍ ലോഹഭാഗങ്ങളില്‍ തട്ടിയതോടെയാണ് രക്ഷാ ദൗത്യം തടസപ്പെട്ടത്. ഗ്യാസ് കട്ടറുകളുപയോഗിച്ച് ലോഹഭാഗങ്ങള്‍ മുറിച്ചുമാറ്റിയാല്‍ ഡ്രില്ലിംങ് പുനരാരംഭിക്കാനാകുമെന്ന് ദൗത്യസംഘം അറിയിച്ചു.
സ്റ്റീല്‍ പൈപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് സുരക്ഷിതപാത ഒരുക്കനാകും. അഞ്ചു പൈപ്പുകള്‍ ഇതിനോടകം അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടത്തിവിട്ടു. ദൗത്യം എപ്പോള്‍ പൂര്‍ത്തിയാകും എന്ന് പറയാനാകില്ല. കുടുങ്ങിക്കിടക്കുന്ന എല്ലാവരും സുരക്ഷിതരാണെന്ന് ഉത്തരകാശി എസ്പി അര്‍പന്‍ യദുവന്‍ഷി വ്യക്തമാക്കി.
അതേസമയം, പ്രത്യേക കുഴലുകളിലൂടെ തൊഴിലാളികള്‍ക്ക് വെളളവും ഭക്ഷണവും എത്തിക്കുന്നുണ്ടെങ്കിലുടെ രക്ഷാദൗത്യം നീളും തോറും ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയേറുകയാണ്. ടണലിനു പുറത്ത് മെഡിക്കല്‍ സംഘത്തെ നേരത്തെ മുതല്‍ തന്നെ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരഖാണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കി. തൊഴിലാളികളുടെ മാനസികാരോഗ്യവും ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി നിരീക്ഷിച്ചു വരുന്നുണ്ട്.
Post Your Comments