സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടുത്ത നാല് ദിവസം കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ അനുഭവപ്പെടുന്നതാണ്. നിലവിൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും, ആൻഡമാൻ നിക്കോബാർ ദ്വീപിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെയോടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിനെ തുടർന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ മഴ കനക്കുന്നതാണ്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും ഇതിനോടൊപ്പം രൂപപ്പെട്ടിട്ടുണ്ട്. ഇതും മഴയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ കനക്കാൻ സാധ്യതയുള്ള മലയോര മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. കേരള തീരത്ത് ഇന്ന് രാത്രി 11:30 വരെ 1.0 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. നിലവിൽ, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
Also Read: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം: ശബരിമല നട നാളെ തുറക്കും
Post Your Comments