ഗാസ സിറ്റി: ഗാസയിലെ ആശുപത്രിയിലേക്ക് നയിക്കുന്ന ഹമാസിന്റെ ഒരു തുരങ്കം കണ്ടെത്തിയതായി ഇസ്രയേല്‍ സുരക്ഷാ സേനയുടെ വെളിപ്പെടുത്തല്‍.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കൂട്ടക്കൊല നടത്തിയ ഹമാസിന്റെ നാവിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഭീകരന്റെ വീടിന് തൊട്ടടുത്താണ് തുരങ്കമെന്ന് സൈനിക വക്താവ് പറഞ്ഞു.
റാന്റിസി ആശുപത്രി 183 മീറ്റര്‍ മാത്രം അകലെയാണെന്നു പറഞ്ഞ അദ്ദേഹം ഹമാസ് ഭീകരര്‍ ആശുപത്രികളില്‍ നിന്ന് ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന വാദം ഊന്നിപ്പറഞ്ഞു.
ഈ തുരങ്കങ്ങള്‍ക്കുള്ളില്‍ ഹമാസ് ഭീകരര്‍ ഒളിക്കുകയും ബന്ദികളെ പാര്‍പ്പിക്കുകയും ചെയ്യുന്നതായും ഇസ്രയേല്‍ സുരക്ഷാ സേന പറഞ്ഞു.
സോളാര്‍ പാനലുകളുടെ സഹായത്തോടെ വൈദ്യുതീകരിച്ച തുരങ്കം ഭൂനിരപ്പില്‍ നിന്ന് 20 മീറ്ററോളം താഴെയാണ്. ബുള്ളറ്റ് പ്രൂഫ്, ബോംബ് പ്രൂഫ് വാതിലുകളാണ് ഇവയ്ക്കുള്ളത്. തുരങ്കം ആര്‍ക്കും കണ്ടെത്താനാകാത്ത വിധത്തില്‍ മൂടപ്പെട്ടിരിക്കുകയാണെന്നും ആശുപത്രി ഒരു സ്‌കൂളിനും യുഎന്‍ കെട്ടിടത്തിനും അടുത്താണെന്നും ഇസ്രയേല്‍ സേന അറിയിച്ചു.
ആശുപത്രിയുടെ ബേസ്‌മെന്റിലെ ഒരു മുറിയില്‍ സ്‌ഫോടകവസ്തുക്കള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍, കലാഷ്‌നിക്കോവ് റൈഫിളുകള്‍, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍ എന്നിവയുള്‍പ്പെടെ കണ്ടെത്തിയതായും സൈന്യം വീഡിയോയില്‍ പറയുന്നു.
Post Your Comments