ഡയബറ്റിസ് അഥവാ പ്രമേഹം എന്നു കേട്ടാൽ ഉടനെ പഞ്ചസാര ഉപേക്ഷിക്കുന്നതിനെക്കുറിച്ചാണ് പലരും പറയുന്നത്. മധുരം ഒഴിവാക്കിയാൽ മാത്രം ഷുഗർ നിയന്ത്രിക്കാൻ കഴിയുമോ? എന്നാൽ, ഇപ്പോൾ പുറത്തു വന്ന ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് കഴിക്കുന്ന ഉപ്പിന്റെ അളവും ഡയബറ്റിസും തമ്മില്‍ വലിയ ബന്ധമുണ്ട് എന്നാണ്.
ടൈപ്പ് 2 ഡയബറ്റിസും ഉപ്പും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള പഠനമാണ് പുറത്തുവന്നിരിക്കുന്നത്. ലൂസിയാനയിലെ ട്യുലെയ്ൻ സര്‍വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് അമിതമായി ഉപ്പു കഴിക്കുന്നത് ടൈപ്പ്2 ഡയബറ്റിസ് സാധ്യത വര്‍ധിപ്പിക്കുമെന്ന കണ്ടെത്തൽ. മയോക്ലിനിക്കില്‍ പ്രസിദ്ധീകരിച്ച പഠനം യു.കെ.ബയോബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 4,00,000 പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിസിച്ചുകൊണ്ടാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇവരുടെ ഭക്ഷണശീലവും കഴിക്കുന്ന ഉപ്പിന്റെ അളവും കേന്ദ്രീകരിച്ചാണ് അവലോകനം നടത്തിയത്.
11.8 വര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഉപ്പ് ഇടയ്ക്കിടെയും പതിവായും എല്ലായ്പ്പോഴും ഉപയോഗിക്കുകയും ചെയ്ത വിഭാഗത്തില്‍ യഥാക്രമം 13%, 20%, 39% ടൈപ്പ്2 ഡയബറ്റിസ് സാധ്യത കണ്ടെത്തി. ഉപ്പ് വല്ലപ്പോഴും ഉപയോഗിക്കുന്നവരില്‍ ഈ നില കുറവുമായിരുന്നു.
ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് ഹൃദ്രോഗ,രക്താതിമര്‍ദ സാധ്യതകള്‍ കുറയ്ക്കുമെന്നത് നേരത്തേ അറിയുന്നതാണെങ്കിലും ഉപ്പും ടൈപ്പ്2 ഡയബറ്റിസും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നത് ആദ്യമായാണെന്ന് പഠനത്തിന് നേതൃത്വം കൊടുത്ത ഡോ.ലു ക്വി പറഞ്ഞു. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് എത്ര കുറയ്ക്കാമോ അത്രയും ടൈപ്പ്2 ഡയബറ്റിസ് സാധ്യതയും കുറയ്ക്കാമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.
Post Your Comments