Latest NewsKeralaNews

അഫ്സാക്ക് ആലത്തിന്റെ വധശിക്ഷ ഒരു താക്കീത്: പിണറായി വിജയൻ

തിരുവനന്തപുരം: ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആല(28)ത്തിന് തൂക്കുകയർ. ശിശുദിനത്തില്‍ എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമന്‍ ആണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. കോടതി വിധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശിശുദിനത്തിലെ ഈ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീത് ആണെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസ് അപൂർവങ്ങളിൽ അപൂര്‍വമാണെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളില്‍ 13 കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. മൂന്ന് കുറ്റങ്ങള്‍ ആവര്‍ത്തിച്ചുവന്നിരിക്കുന്നതിനാലാണ് 13 കുറ്റങ്ങളില്‍ മാത്രം ശിക്ഷ വിധിക്കുന്നതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11-ാം വാര്‍ഷികദിനത്തിലാണ് ആലുവ കേസിന്റെ വിധിയെന്നതും പ്രത്യേകതയാണ്.

പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ആലുവയില്‍ അഞ്ച് വയസ്സുകാരിയെ പിച്ചിച്ചീന്തി ജീവനെടുത്ത കുറ്റവാളിക്ക് നീതിപീഠം വധശിക്ഷ വിധിച്ചിരിക്കുകയാണ്. ശിശുദിനത്തിലെ ഈ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതുകൂടിയാണ്. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അത്യന്തം ഹീനമായ ക്രൂരതയ്ക്കാണ് ആ കുഞ്ഞ് ഇരയായത്. കുറ്റവാളിയെ പിടികൂടുന്നതിനും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ഏറ്റവും കാര്യക്ഷമമായാണ് ബന്ധപ്പെട്ട സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത്.

പരാതി ലഭിച്ചപ്പോള്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയും ചെയ്തു. 35 ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. 100 ദിവസംകൊണ്ട് റെക്കോര്‍ഡ് വേഗത്തില്‍ വിചാരണയും പൂര്‍ത്തികരിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പിച്ചു. അന്വേഷണ സംഘവും പ്രോസിക്യൂഷനും ഏറ്റവും കൃത്യതയോടെയും ചടുലതയോടെയുമാണ് പ്രവര്‍ത്തിച്ചത്. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കിയ അന്വേഷകസംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നു.

ആലുവയിലെ ക്രൂരതയ്ക്കിരയായ കുഞ്ഞിന്‍റെ കുടുംബത്തിന് എല്ലാതരത്തിലുള്ള സഹായങ്ങളും സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പു വരുത്തിയിരുന്നു. അവരുടെ നഷ്ടത്തിന് പകരമാവുന്നതല്ല ഒന്നും. എങ്കിലും കോടതി വിധിയിലൂടെ നീതി ഉറപ്പാക്കാന്‍ കഴിഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ഒരു അതിക്രമത്തെയും പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ല. ഒരു ദാക്ഷിണ്യവുമില്ലാതെ ഇത്തരക്കാര്‍ക്ക് നേരെ നടപടി സ്വീകരിക്കും. ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ കോടതി വിധി. ഇത്തരം കുറ്റവാളികളെ ഒറ്റപ്പെടുത്താന്‍ സമൂഹമൊന്നാകെ തയ്യാറാകണം

shortlink

Related Articles

Post Your Comments

Related Articles


Back to top button