KeralaLatest News

ഗൾഫിൽ നിന്ന് സമ്പാദിച്ചതെല്ലാം നശിപ്പിച്ചത് അമ്മയാണെന്ന് ആരോപണം, പക്ഷാഘാതം ബാധിച്ച വീട്ടമ്മയുടെ കൊല, മകൻ അറസ്റ്റിൽ

പുത്തൂർ: കൊല്ലം പുത്തൂരിൽ പക്ഷാഘാതം ബാധിച്ച വീട്ടമ്മയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂത്ത മകൻ അറസ്റ്റിൽ. അമ്മയെ അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തി എന്ന കേസിൽ മകൻ സതീഷ് കുമാറിനെ (37) ആണു പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ചെറുപൊയ്ക തെക്ക് നെടിയവിള ഭാഗം സതീഷ് ഭവനിൽ ശശിധരൻ പിള്ളയുടെ ഭാര്യ പത്മിനിയമ്മ (61) ആണു കൊല്ലപ്പെട്ടത്.

ഗൾഫിൽ ജോലി ചെയ്തു സമ്പാദിച്ചതെല്ലാം പാഴാക്കിയത് അമ്മയാണെന്ന് ആരോപിച്ചു സതീഷ് പതിവായി മദ്യപിച്ചു വഴക്കിടുമായിരുന്നത്രെ. ഇതിനു പിന്നാലെയാണ് പ്രതി അമ്മയെ മർദിച്ചു കൊലപ്പെടുത്തിയത്. ഇയാളുടെ ഭാര്യ കുറച്ചു ദിവസങ്ങൾക്കു മുൻപു പിണങ്ങിപ്പോയിരുന്നു. ഇതിനു ശേഷം വീട്ടിൽ വഴക്കു പതിവായി. ഉപദ്രവം സഹിക്കവയ്യാതെ പിതാവ് ശശിധരന്‍ പിള്ള 3 ദിവസം മുൻപ് വീടു വിട്ട് ഇറങ്ങിയിരുന്നു. ന്നീട് അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ.

വെള്ളി രാത്രിയിൽ സതീഷ് പുറത്തു നിന്നു വാങ്ങിക്കൊണ്ടു വന്ന ഭക്ഷണം കഴിക്കുന്നതിനിടെ പത്മിനിയമ്മയുമായി വഴക്കിടുകയും കട്ടിലിൽ കിടന്ന അമ്മയെ തള്ളി താഴെയിട്ടു തല പിടിച്ചു തറയിൽ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. തൊഴിയേറ്റു വാരിയെല്ലു പൊട്ടി. ഇതും തലയ്ക്കേറ്റ ക്ഷതവും ആണു മരണകാരണം.

അയൽ വീട്ടിൽ നിന്നു ബന്ധുവായ യുവതി ചായയുമായി എത്തിയപ്പോഴാണു മുൻവശത്തെ മുറിയിൽ പത്മിനിയമ്മ മരിച്ചു കിടക്കുന്നതു കണ്ടത്. ഈ സമയം സതീഷ് കുമാർ അകത്തെ മുറിയിൽ കിടക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ ഒന്നുമറിയില്ല എന്നു ഭാവിച്ചു എങ്കിലും തെളിവുകൾ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചു.

shortlink

Post Your Comments


Back to top button