കോഴിക്കോട്: മധ്യവയസ്കയായ സ്ത്രീയെ കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ തള്ളിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശിനി സൈനബ(59)യാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ കഴിഞ്ഞ ആഴ്ച പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലപ്പുറം താനൂർ സ്വദേശി സമദ് എന്ന യുവാവിനെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലിലാണ് താനും സുഹൃത്തും ചേർന്ന് സൈനബയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമദ് കോഴിക്കോട് കസബ പൊലീസിൽ മൊഴി നൽകിയത്.
സുഹൃത്ത് ഗൂഡല്ലൂർ സ്വദേശി സുലൈമാൻ്റെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് സമദിന്റെ മൊഴി. സൈനബയെ ഈ മാസം ഏഴിനാണ് കാണാതായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് കസബ പൊലീസ് സമദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൈനബയുടെ സ്വർണ്ണാഭരണങ്ങളും ബാഗിലെ പണവും കവരാൻ വേണ്ടിയായിരുന്നു കൊലപ്പെടുത്തിയത് എന്നാണ് ഇയാളുടെ മൊഴി.
ഫോണ്‍ വഴിയാണ് സമദ് സൈനബയെ പരിചയപ്പെടുന്നത്. സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്പോള്‍ അവര്‍ 17 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞിരുന്നു. ഇത് തട്ടിയെടുക്കുക എന്നതായിരുന്നു സമ്മദിന്റെയും സുഹൃത്തിന്റേയും ഉദ്ദേശം. ഇതിനായി നേരിൽ കണ്ടപ്പോൾ, കോഴിക്കോട് മുക്കം ഭാഗത്തു കൂടി കാറിൽ സഞ്ചരിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുക്കി സൈനബയെ കൊലപ്പെടുത്തി. ശേഷം മൃതദേഹം നാടുകാണി ചുരത്തിൽ തള്ളി. അതേസമയം, മൃതദേഹം കണ്ടെത്തിയാലെ കൊലപാതകം എന്ന് ഉറപ്പിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു.
Post Your Comments