മുംബൈ: ബംഗ്ലാദേശ് കവിത വികൃതമാക്കിയെന്ന് ആരോപിച്ച് പ്രശസ്ത സംഗീത സംവിധായകൻ എആർ റഹ്‌മാനെതിരെ പ്രതിഷേധം. ബംഗ്ലാദേശ് കവി നസ്റൂൾ ഇസ്ലാമിന്റെ കവിതയാണ്, എആർ റഹ്‌മാൻ സംഗീതം നൽകിയ ‘പിപ്പ’ എന്ന ബോളിവുഡ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ കവിതയെ വികൃതമാക്കിയെന്നാണ് ആരോപണം. കവിയുടെ കുടുംബവും ഇതിനെതിരെ എത്തിയിട്ടുണ്ട്. ആമസോൺ പ്രൈമിൽ നവംബർ 10ന് ആണ് പിപ്പ റിലീസ് ചെയ്തത്.
മൃണാൾ ഠാക്കൂറും ഇഷാൻ ഖട്ടറും അഭിനയിക്കുന്ന പിപ്പയിൽ ബംഗ്ലാ കവി നസ്റൂൾ ഇസ്ലാമിന്റെ ‘കരാർ ഓയ് ലൗഹോ കോപത്’ എന്ന കവിതയാണ് എആർ റഹ്‌മാന്റെ സംഗീതത്തിൽ ഉപയോഗിച്ചിരിക്കുന്നത്. നസ്റൂൾ ഇസ്ലാമിന്റെ കവിതകൾ 1971ലെ ബംഗ്ലാദേശ് രൂപീകരണ യുദ്ധത്തിൽ ഏറെ ഉപയോഗിക്കപ്പെട്ടിരുന്നു. അതിനാലാണ് ബംഗ്ലാദേശ് വിമോചനത്തിന് വഴിവച്ച ഇന്ത്യൻ സൈനിക ഇടപെടൽ ചിത്രീകരിക്കുന്ന പിപ്പ എന്ന ചിത്രത്തിൽ ഇദ്ദേഹത്തിന്റെ കവിത ഉപയോഗിച്ചത്.
എന്നാൽ, തീർത്തും വികൃതമായി കവിതയെ മാറ്റിയെന്നാണ് നസ്റൂൾ ഇസ്ലാമിന്റെ കുടുംബം ഉന്നയിക്കുന്ന വിമർശനം. കവിതയിൽ വരുത്തിയ മാറ്റങ്ങളിൽ താൻ ഞെട്ടിയതായി കവിയുടെ ചെറുമകനായ ഖാസി അനിർബൻ വ്യക്തമാക്കി. ഈ ഗാനത്തെ അനീതിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സിനിമയിൽ ഗാനം ഉപയോഗിക്കുന്നതിന് തന്റെ അമ്മ (കവിയുടെ മകൾ) സമ്മതം നൽകിയെങ്കിലും ട്യൂണുകളിൽ മാറ്റം വരുത്താൻ സമ്മതിച്ചിരുന്നില്ലെന്ന് ഖാസി അനിർബൻ കൂട്ടിച്ചേർത്തു.
Post Your Comments