ഒട്ടാവാ: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഖലിസ്താന്‍ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുര്‍പത്‌വന്ദ് സിങ് പന്നൂന്‍ നടത്തിയ ഭീഷണി നിസാരമായി കാണേണ്ടതില്ലെന്ന് കാനഡ. പന്നൂനിന്റെ ഭീഷണി അതീവഗൗരവത്തോടെയാണ് കാണുന്നതും എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായും കാനഡ ഇന്ത്യയെ അറിയിച്ചു. ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോകളിലെ മുന്നറിയിപ്പ് പരിശോധിച്ച് വരികയാണെന്ന് കാനഡയിലെ ഫെഡറൽ പോലീസ് അറിയിച്ചു.
സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) സ്ഥാപകനും നിയുക്ത ഭീകരനുമായ ഗുർപത്‌വന്ത് സിംഗ് പന്നൂൻ സിഖുകാരോട് എയർ ഇന്ത്യയിൽ പറക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വീഡിയോ സന്ദേശം പുറത്തിറക്കി ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് കാനഡ പ്രതികരിക്കുന്നത്. വിമാനങ്ങള്‍ക്ക് നേരെയുയര്‍ന്ന ഭീഷണി ഗുരുതരമായി കാണുന്നുവെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവ് ഇട്ടതായും കാനഡ വ്യക്തമാക്കി. പന്നൂനിന്റെ ഭീഷണിക്ക് പിന്നില്‍ അക്രമലക്ഷ്യങ്ങളുണ്ടെന്നും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ വ്യക്തമാക്കി.
നവംബര്‍ 19-ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഗുര്‍പത്‌വന്ദ് സിങ് പന്നൂനിൻ്റെ ഭീഷണി സന്ദേശം. ജീവന് ആപത്തുണ്ടായേക്കുമെന്നതിനാല്‍ സിഖുകാര്‍ നവംബര്‍ 19 മുതല്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യരുതെന്നും പന്നൂൻ പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നവംബര്‍ 19-ന് അടഞ്ഞുകിടക്കുമെന്നും ഭീഷണിയുണ്ട്. വിമാനത്താവളത്തിന് ഖാലിസ്ഥാന്‍ വിഘടനവാദി നേതാക്കളായ ബിയന്ത് സിങ്ങിന്റെയും സത്വന്ദ് സിങ്ങിന്റെയും പേരിടുമെന്നും പന്നൂൻ പറഞ്ഞു.
Post Your Comments