KeralaLatest News

കേരളവർമ്മ തിരഞ്ഞെടുപ്പ്: കോളേജിനോട് യഥാർത്ഥ രേഖകൾ ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: കേരളവർമ്മ കോളേജ് വോട്ടെടുപ്പിന്റെ യഥാർഥ രേഖകൾ ആവശ്യപ്പെട്ട് ഹൈക്കോടതി. വെള്ളിയാഴ്ച തന്നെ എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് കോടതി നിർദ്ദേശം. രേഖകളുടെ പകർപ്പായിരുന്നു ഹൈക്കോടതിയിൽ ഹാജരാക്കിയത്. ടാബുലേഷൻ ഷീറ്റ് ഉൾപ്പെടെയുള്ള രേഖകൾ സബ്ട്രഷറിയിൽ ആണെന്നായിരുന്നു കോളേജിന്റെ മറുപടി. എല്ലാ രേഖകളും പരിശോധിച്ച ശേഷം വെള്ളിയാഴ്ചതന്നെ കോടതിയിൽനിന്ന് അന്തിമ തീർപ്പ് ഉണ്ടാകുമെന്നാണ് വിവരം.

തിരഞ്ഞെടുപ്പിന്റെ ഒറിജിനൽ ടാബുലേഷൻ ഷീറ്റ് സബ് ട്രഷറിയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണെന്നാണ് റിട്ടേണിങ് ഓഫീസർ കോടതിയിൽ അറിയിച്ചത്. എല്ലാ രേഖകളും ഹാജരാക്കണമെന്ന് നേരത്തെ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇന്ന് കോളേജിന്റെ ഭാഗത്തുനിന്ന് രേഖകളുടെ പകർപ്പ് മാത്രമായിരുന്നു ഹാജരാക്കിയത്. തുടർന്ന് എല്ലാ രേഖകളും വെള്ളിയാഴ്ചതന്നെ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.

റീ കൗണ്ടിങ്ങിൽ അസാധുവായ വോട്ടുകൾ സാധുവാക്കിയെന്നാണ് കെ.എസ്.യു. ചെയർമാൻ സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ റിട്ട് ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ, റിട്ട് ഹർജിയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട് കോടതി ചില സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചതുകൊണ്ട് തന്നെ റിട്ട് ഹർജി നിലനിൽക്കുമോയെന്നും തിരഞ്ഞെടുപ്പ് ഹർജിയായി അല്ലേ ചോദ്യം ചെയ്യേണ്ടതെന്നും കോടതി സംശയം പ്രകടിപ്പിച്ചു. അപ്പീൽ സാധ്യതയാണ് പരിഗണിക്കേണ്ടതെന്നും കോടി അഭിപ്രായപ്പെട്ടു.

വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വീണ്ടും തിരഞ്ഞെടുപ്പിനുള്ള ഉത്തരവിടാൻ കോടതിക്ക് അധികാരമുണ്ടോ എന്ന സംശയവും ഹൈക്കോടതി മുന്നോട്ടുവെച്ചു. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ നിർദേശം ഉണ്ടെങ്കിൽ ഹാജരാക്കാനും ഹർജിക്കാരനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഹർജി നിലനിൽക്കില്ലെന്നാണ് ഹൈക്കോടതിയിൽ കോഴിക്കോട് സർവകലാശാലയും കേരളവർമ കോളേജും എടുത്ത നിലപാട്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഇത്തരത്തിൽ റിട്ട് ഹർജിയുമായി ഇടപെടാൻ കഴിയില്ല. ഇതിൽ അപ്പീൽ നൽകുകയാണ് മുന്നിലുള്ള പോംവഴിയെന്നും ഇവർ കോടതിയിൽ ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button