ശ്രീലങ്കയിൽ കാറ്റാടിപ്പാടം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. 500 മെഗാവാട്ട് ശേഷിയുള്ള കാറ്റാടിപ്പാടമാണ് ശ്രീലങ്കയിൽ സ്ഥാപിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കാറ്റാടിപ്പാടം നിർമ്മിക്കുന്നതിനായി അദാനി ഗ്രൂപ്പ് 6,225 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം ഉടൻ നടത്തുന്നതാണ്. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി ഗ്രീൻ എനർജിക്കാണ് കാറ്റാടിപ്പാടത്തിന്റെ നിർമ്മാണ ചുമതല.
ശ്രീലങ്കയിൽ കാറ്റാടിപ്പാടം സ്ഥാപിക്കുന്നതോടെ ഇന്ത്യയ്ക്ക് വലിയ രീതിയിലുള്ള ലാഭമാണ് ലഭിക്കുക. ശ്രീലങ്കയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. വിവിധ വകുപ്പുകളിൽ നിന്ന് അനുമതി ലഭിച്ചാലുടൻ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കുന്നതാണ്. അതേസമയം, അദാനി ഗ്രൂപ്പിന് കീഴിലുളള മറ്റൊരു കമ്പനിയായ അദാനി പോർട്സ് ആൻഡ് സെസ് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് ടെർമിനൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ ടെർമിനലിന് 55.1 കോടി ഡോളർ വായ്പ അമേരിക്ക നൽകുമെന്ന് ഇതിനോടകം അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Also Read: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്ര നയങ്ങൾ: വിമർശനവുമായി മുഖ്യമന്ത്രി
ശ്രീലങ്കയുടെ വടക്ക് ഭാഗത്ത് അതിശക്തമായ കാറ്റാണ് അനുഭവപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ ഈ ഭാഗത്താണ് പുനരുപയോഗ ഊർജ്ജത്തിനായി കാറ്റാടിപ്പാടവും സ്ഥാപിക്കുക. വൈദ്യുതി വിതരണത്തിനായി ബംഗ്ലാദേശുമായി അദാനി ഗ്രൂപ്പ് ഉണ്ടാക്കിയ കരാറിന് സമാനമായാണ് ശ്രീലങ്കയുമായി ഉണ്ടാക്കിയിട്ടുള്ളതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. നിലവിൽ, മൊത്തം ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവിനെ കുറിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.
Post Your Comments