Latest NewsNewsInternational

1493 ഗ്രനേഡുകൾ, 106 മിസൈലുകൾ, 375 തോക്കുകൾ: ഹമാസിൽ നിന്ന് ഇസ്രായേൽ പിടിച്ചെടുത്തത് നിരവധി ആയുധങ്ങൾ

ടെൽ അവീവ്: ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ആരംഭിച്ച ഇസ്രായേൽ-ഹമാസ് യുദ്ധം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഈ കാലയളവിൽ ഹമാസ് ഭീകരരിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളുടെ വിവരങ്ങൾ ഇസ്രായേലി പ്രതിരോധ സേന പുറത്തുവിട്ടു. ഹമാസ് ഭീകരർ ഇസ്രയേലിനെതിരായ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കാണിക്കുന്ന നാല് ചിത്രങ്ങളും വീഡിയോയും ഇസ്രായേൽ സൈന്യം എക്സ് വഴി പുറത്തുവിടുകയായിരുന്നു.

‘ഒക്‌ടോബർ 7 ന് ഹമാസിന്റെ ഭീകരരിൽ നിന്ന് കണ്ടെത്തിയ ചില ആയുധങ്ങൾ ആണിത്. 1,493 ഹാൻഡ് ഗ്രനേഡുകളും സ്‌ഫോടക വസ്തുക്കളും, 760 ആർപിജികളും, 427 സ്‌ഫോടക വലയങ്ങളും, 375 തോക്കുകളും, 106 റോക്കറ്റുകളും മിസൈലുകളും. 1,400-ലധികം ഇസ്രായേലി സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങളിൽ ചിലത് മാത്രമാണ് ഇത്. നിരപരാധികളെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ’, ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി.

ഗാസ നഗരത്തിന്റെ ആഴത്തിൽ തങ്ങളുടെ കരസേന പോരാടുകയാണെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഹമാസ് ഭീകരസംഘടനയുടെ ആസ്ഥാനവും ശക്തികേന്ദ്രവുമാണ് ഗാസ നഗരമെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഇസ്രായേൽ കരസേന ഇപ്പോൾ ഗാസ നഗരത്തിന്റെ ആഴത്തിൽ ഒരു ഗ്രൗണ്ട് ഓപ്പറേഷനിൽ നിലയുറപ്പിക്കുകയും ഹമാസിന്മേൽ വലിയ സമ്മർദ്ദം ചെലുത്തുകയും ചെയ്യുകയാണ്. ആയിരക്കണക്കിന് ഹമാസ് പോരാളികളെ സൈന്യം കൊന്നൊടുക്കിയതായി നേരത്തെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടിരുന്നു. ഇസ്രായേൽ യുദ്ധത്തിൽ വലിയ പുരോഗതി കൈവരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഹമാസുമായുള്ള യുദ്ധത്തിന് ശേഷം ഇസ്രായേലിന് ഗാസയിൽ അനിശ്ചിതകാലത്തേക്ക് മൊത്തത്തിലുള്ള സുരക്ഷാ ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു. 2.3 ദശലക്ഷം പലസ്തീനികൾ താമസിക്കുന്ന പ്രദേശത്തിന്റെ നിയന്ത്രണം നിലനിർത്താൻ ഇസ്രായേൽ പദ്ധതിയിടുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് അദ്ദേഹം നൽകിയത്. ലക്ഷക്കണക്കിന് ആളുകൾ ആക്രമണത്തിന്റെ പാതയിൽ വടക്ക് ഭാഗത്ത് ഇപ്പോഴും തുടരുന്നുണ്ട്. ചൊവ്വാഴ്ച നൂറുകണക്കിന് പലസ്തീനികൾ ഗാസ സിറ്റിയിൽ നിന്ന് തെക്കോട്ട് പലായനം ചെയ്തു. അതേസമയം, യുദ്ധത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 10,300 കവിഞ്ഞു. അതിൽ 4,200 ലധികം കുട്ടികൾ ഉൾപ്പെടുന്നുവെന്ന് ഗാസയിലെ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button