ഒക്ടോബർ 29 ന് വൈകുന്നേരത്തെ കുറ്റപത്രത്തിൽ കാണിച്ചൊരു വാർത്ത ആയിരുന്നു പതിനാല് വയസ്സുള്ള ഒരു പെൺകുട്ടിയെ പ്രണയത്തിന്റെ പേരിൽ പിതാവ് ബലമായി വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചുവെന്നും കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണെന്നും പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും ഒക്കെ. വളരെ സെൻസേഷണൽ ആയൊരു സംഭവമായിട്ടും പ്രതിയുടെ പേരോ മറ്റോ ഒന്നും പറയാതെ വളരെ ഒഴുക്കൻ മട്ടിൽ കാണിച്ചു പോയൊരു വാർത്താശകലം മാത്രമായിരുന്നു അത്. വെറും പതിനാല് വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയോട്, അതും അവളിൽ ഹോർമോണൽ റഷ് ഉണ്ടാവുന്നതിന്റെ ഭാഗമായി മാത്രം തോന്നുന്ന ഒരു കൗമാര ക്രഷിന്റെ പേരിൽ ഇത്രമേൽ ക്രൂരതയോ എന്ന് അന്ന് ചിന്തിക്കുകയും ചെയ്തിരുന്നു. പിന്നീട് അതേ കുറിച്ച് വാർത്താ അപ്ഡേറ്റ്സ് ഒന്നും കണ്ടതുമില്ല. അതിനാൽ അതിനെ കുറിച്ച് ഓർത്തതും ഇല്ല!!
എന്നാൽ, ഇന്നലെ വൈകിട്ട് ആ കൊച്ചുകുട്ടി മരണപ്പെട്ട ശേഷമാണ് അത് ഇത്രമേൽ ക്രൂരമായ ഒരു ദുരഭിമാന-അന്യമതവെറിയുടെ പേരിൽ നടത്തപ്പെട്ട ഒന്നാണ് എന്നറിയുന്നത്. പിന്നീട് അച്ഛന്റെ പേരും മരണപ്പെട്ട മോളുടെ പേരും ഒക്കെ പുറത്ത് വന്നപ്പോൾ വ്യക്തമായി മതേതര കേരളത്തിൽ 29 ന് നടന്ന അതിനികൃഷ്ടമായ ഒരു ചെയ്തിയ്ക്ക് ഇത്രയും ദിവസം എന്തുകൊണ്ട് ഒരു കവറപ്പ് കിട്ടി എന്ന്. ഒരുപക്ഷേ ആ പൊന്നുമോൾ മരണപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇത്തരം നെറികെട്ട ഒരു അന്യമതവിദ്വേഷം ആരും അറിയുകയേ ഇല്ലായിരുന്നു. മരണപ്പെട്ട മോളുടെ പേര് ഫാത്തിമയ്ക്ക് പകരം പാർവ്വതി നായർ എന്നോ അച്ഛന്റെ പേര് അശോക് നായർ എന്നോ ആയിരുന്നുവെങ്കിൽ 29 ഒക്ടോബർ മുതൽ ഈ വാർത്തയ്ക്ക് ലഭിക്കുമായിരുന്ന സ്വീകാര്യത, അതിന്റെ പേരിൽ ഇവിടെ ഒഴുക്കപ്പെടുമായിരുന്ന കണ്ണീരും കവിതകളും, സവർണ്ണ ഹെജിമണി നരേറ്റീവുകൾ, ഹൈന്ദവത കം ജാതീയത നരേഷനുകൾ എന്തൊക്കെ ആയിരുന്നേനെ അല്ലേ?
പുരോഗമന കേരളത്തിന്റെ പോക്ക് മുന്നോട്ടല്ല പിന്നോട്ടേയ്ക്കാണെന്ന് അടിവരയിടുന്നു സ്വന്തം വാപ്പയുടെ ചെയ്തി കൊണ്ട് വേദന അനുഭവിച്ചു മരിക്കേണ്ടി വന്ന ആ കൊച്ചു പെൺകുട്ടി. ഈ സംഭവം ഉത്തരേന്ത്യയിലെവിടെയെങ്കിലും ആയിരുന്നുവെങ്കിൽ ഇരയുടെ “മതം അഥവാ അന്യമത വെറി ” എന്ന എലമെന്റ് മാത്രം ഉയർത്തിക്കാട്ടി അസഹിഷ്ണുത എന്നലറി വിളിക്കുന്ന സാംസ്കാരിക നായകന്മാർ ഒക്കെ ഇവിടെ വായിൽ പഴം തിരുകി വയ്ക്കും. കാരണം നമ്പർ 1 പ്രബുദ്ധ കേരളത്തിൽ മത വെറി ഇല്ലെന്ന കളളത്തരത്തെ വെളിച്ചത്ത് കൊണ്ടുവരാൻ അവരിഷ്ടപ്പെടുന്നില്ല. അതിനാൽ ആ അച്ഛന്റെ സ്വത്വമോ മത ചിന്തയോ ഒന്നും ഇവിടെ ചർച്ച ആവില്ല.
ഒരു വൺ സൈഡഡ് stimulus and response ബാധിച്ചവരാണ് കേരളത്തിലെ പ്രബുദ്ധർ .അത് എന്നും അങ്ങനെ തന്നെയാണ്. അവർക്ക് പ്രതികരണശേഷി വരണമെങ്കിൽ ഒന്നുകിൽ ഇര ഉത്തരേന്ത്യക്കാരനോ /കാരിയോ ആവണം. അല്ലെങ്കിൽ ഇവിടെ കൊല്ലപ്പെട്ട ഇരയും അവളുടെ ഘാതകനായ അച്ഛനും സവർണ്ണ ഹൈന്ദവൻ ആവണം.അപ്പുറത്ത് മകളുടെ സഹപാഠി വല്ല ബഷീറോ അനസോ ആവണം. അല്ലെങ്കിൽ ഒക്ടോബർ 29 ന് നടന്ന കൊടും പാതകത്തെ മൗനത്തിന്റെ കമ്പിളിപ്പുതപ്പ് ഇട്ട് ഒളിപ്പിച്ചു വയ്ക്കില്ലല്ലോ!! ഇവിടെ എന്നും ചില പേരുകൾക്ക് വല്ലാത്ത പ്രിവിലേജ് തന്നെയാണ്!!!
പൊന്ന് മോളെ, മതവെറി ഇല്ലാത്ത ഒരു ലോകത്തേയ്ക്ക് നീയെങ്കിലും രക്ഷപ്പെട്ടല്ലോ. കൗമാരചാപല്യം എന്തെന്ന് തിരിച്ചറിയാൻ കഴിയാത്ത, എന്തിനെയും ഏതിനെയും മതത്തിന്റെ മാപ്പിനിയിലൂടെ മാത്രം കാണുന്ന ഒരുവന്റെ മകളായി ഈ പതിനാല് വർഷം എങ്ങനെ നീ അവിടെ കഴിഞ്ഞു കുഞ്ഞേ? തെറ്റ് ചെയ്യാത്ത കുഞ്ഞുങ്ങൾ ഇല്ല. അതിനൊക്കെ ശിക്ഷ നൽകാത്ത അച്ഛനമ്മമാരും ഇല്ല. പക്ഷേ വെറും പതിനാല് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ അവളിനി എന്ത് വലിയ തെറ്റ് ചെയ്തുവെന്ന് പറഞ്ഞാലും കമ്പി കൊണ്ട് അടിച്ചു മൃതപ്രായയാക്കി, എന്നിട്ടും പക തീരാതെ വായിൽ ബലമായി കീടനാശിനി ഒഴിച്ചു കൊടുത്ത് കൊന്ന കിരാതത്വത്തിന്റെ പേര് പിതൃത്വം എന്നല്ല, മറിച്ച് കാടത്തം എന്നത് മാത്രമാണ്.!!
ഇവിടെ അയാൾ എന്ന അച്ഛൻ തോറ്റു, അയാളിലെ മതം മാത്രം ജയിച്ചു. അയാൾക്ക് മകളോടുണ്ടായിരുന്നത് വാത്സല്യമോ കരുതലോ ആയിരുന്നില്ല, മറിച്ച് യജമാനത്വബോധം മാത്രമാണ്. തന്റെ ഉള്ളിലെ അന്യമതവെറി മകൾക്കും വേണമെന്ന ദുർവ്വാശി അയാളെ മൃഗമാക്കി!
അഞ്ജു പാർവതി പ്രഭീഷ്
Post Your Comments