
ന്യൂഡൽഹി: ഇന്ത്യ തിരയുന്ന ഭീകരനെ പാക്ക് അധിനിവേശ കശ്മീരിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപിൽ 2018 ഫെബ്രുവരി 10ന് നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഖാജ ഷാഹിദിനെയാണ് (മിയാൻ മുജാഹിദ്) അജ്ഞാതരാൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
നീലം താഴ്വര സ്വദേശിയായ ഷാഹിദിനെ ഏതാനും ദിവസം മുൻപ് തോക്കുധാരികളായ അജ്ഞാതർ തട്ടിക്കൊണ്ടുപോയിരുന്നു. പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ കണ്ടെത്താൻ തിരച്ചിൽ നടത്തിവരികയായിരുന്നു. സംഭവത്തിൽ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല.
ജയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിൽ ഒരു ഓഫിസർ ഉൾപ്പെടെ 6 സൈനികരാണ് വീരമൃത്യു വരിച്ചത്. എകെ 47 തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. 24 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ എല്ലാ ഭീകരരെയും വധിച്ചു. ഇന്ത്യ തിരയുകയായിരുന്ന 18 ഭീകരരാണ് കഴിഞ്ഞ 20 മാസത്തിനുള്ളിൽ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്.
Post Your Comments