ഉത്തര്‍പ്രദേശിലെ നഗരമായ അലിഗഢിന്‍റെ പേര് മാറ്റാനൊരുങ്ങി അലിഗഢ് മുൻസിപ്പല്‍ കോര്‍പറേഷൻ. ഹരിഗഡ് എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം മുനിസിപ്പൽ കോർപ്പറേഷൻ ബോർഡ് പാസാക്കി. മുനിസിപ്പൽ കൗൺസിലർ സഞ്ജയ് പണ്ഡിറ്റിന്റേതാണ് നിർദ്ദേശം. ഇനി ഈ നിർദ്ദേശം സർക്കാരിന് അയക്കും.
എന്നാൽ, ഇത് ആദ്യപടി മാത്രമാണെന്നും സർക്കാരിന്റെ അനുമതി ലഭിച്ചാലേ ജില്ലയുടെ പേര് മാറൂ എന്നും ഉടൻ ഭരണാനുമതി ലഭിക്കുമെന്നും അലിഗഡ് മേയർ പ്രശാന്ത് സിംഗാൾ പ്രത്യാശ പ്രകടിപ്പിച്ചു. മുൻസിപ്പൽ കോർപ്പറേഷൻ യോഗത്തിലാണ് നിർദ്ദേശം അംഗീകരിച്ചത്. “ഇന്നലെ യോഗത്തിൽ അലിഗഡിന്റെ പേര് ഹരിഗഡ് എന്നാക്കാനുള്ള നിർദ്ദേശം കൗൺസിലർ സഞ്ജയ് പണ്ഡിറ്റ് മുന്നോട്ട് വച്ചിരുന്നു. എല്ലാ കൗൺസിലർമാരും ഏകകണ്ഠമായാണ് പാസാക്കിയത്.’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പുറമെ നിരവധി റെയിൽവേ സ്റ്റേഷനുകളുടെ പേരുകളും മാറ്റിയിട്ടുണ്ട്. യോഗി സർക്കാരിന്റെ കാലത്ത് തന്നെ മുഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജംഗ്ഷൻ എന്നും ഝാൻസി റെയിൽവേ സ്റ്റേഷൻ വീരംഗന ലക്ഷ്മിഭായി റെയിൽവേ സ്റ്റേഷൻ എന്നും മാറ്റി. രാജ്യത്ത് നഗരങ്ങളുടെ പേരുകൾ മാറിക്കൊണ്ടിരിക്കുകയാണ്.
എന്നിരുന്നാലും, പേര് മാറ്റുന്ന പ്രക്രിയ അത്ര എളുപ്പമല്ല. ഒരു നഗരത്തിന്റെ പേര് മാറ്റുന്നതിന്, മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് ആദ്യം ഒരു നിർദ്ദേശം പാസാക്കും. തുടർന്ന് സംസ്ഥാന മന്ത്രിസഭയ്ക്ക് അയക്കും. സംസ്ഥാന മന്ത്രിസഭയിൽ ഇത് പാസാക്കിയ ശേഷം പുതിയ പേരുള്ള ഗസറ്റ് പുറത്തിറക്കും. ഇതിന് ശേഷമാണ് പുതിയ പേരില്‍ ഈ സ്ഥലങ്ങള്‍ ഔദ്യോഗികമായി അറിയപ്പെട്ടു തുടങ്ങുന്നത്.
Post Your Comments