സാമ്പത്തിക ബാധ്യത രൂക്ഷമായതോടെ, കടം വീട്ടാൻ പുതിയ മാർഗ്ഗങ്ങൾ തേടി പ്രമുഖ എഡ് ടെക് സ്ഥാപനമായ ബൈജൂസ്. ബാധ്യതകളിൽ നിന്ന് താൽക്കാലിക ആശ്വാസം നേടാൻ അമേരിക്കയിലെ ഉപസ്ഥാപനത്തെ വിറ്റഴിക്കാനാണ് ബൈജൂസിന്റെ തീരുമാനം. ഇത് സംബന്ധിച്ച ചർച്ചകൾക്ക് ബൈജൂസ് തുടക്കമിട്ടിട്ടുണ്ട്. പ്രതാപകാലത്ത് ഏറ്റെടുത്ത എപ്പിക് ക്രിയേഷൻസ് എന്ന അമേരിക്കൻ കമ്പനിയെയാണ് ബൈജൂസ് വിൽക്കാൻ ശ്രമിക്കുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള ടെക്നോളജി ഫണ്ട് സ്ഥാപനമായ ജോഫ്രേ ക്യാപ്പിറ്റൽ, എപ്പിക് ക്രിയേഷൻസിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
2021-ലാണ് എപ്പിക് ക്രിയേഷൻസിനെ ബൈജൂസ് ഏറ്റെടുക്കുന്നത്. കുട്ടികൾക്കായുള്ള ഡിജിറ്റൽ വായനാ പ്ലാറ്റ്ഫോമാണിത്. ഏകദേശം 40,000-ത്തിലധികം പുസ്തകങ്ങളുടെ ശേഖരം എപ്പിക് ക്രിയേഷൻസിൽ ഉണ്ട്. 50 കോടി ഡോളർ ചെലവിലാണ് അന്ന് എപ്പിക്കിനെ ബൈജൂസ് സ്വന്തമാക്കിയത്. എന്നാൽ, 40 കോടി ഡോളറിന് വിൽക്കാനാണ് ഇപ്പോൾ ബൈജൂസിന്റെ തീരുമാനം. 120 കോടി ഡോളറിന്റെ കടം വീട്ടുന്നതിൽ ബൈജൂസ് വീഴ്ച വരുത്തിയിട്ടുണ്ട്. ഇത് കോടതി നടപടികൾക്ക് വഴിവച്ചതോടെ, ഉപസ്ഥാപനങ്ങളെ വിറ്റഴിച്ച് ആറ് മാസത്തിനകം കടം പൂർണമായി വീട്ടാമെന്ന വാഗ്ദാനം കഴിഞ്ഞ സെപ്റ്റംബറിൽ ബൈജൂസ് മുന്നോട്ടുവച്ചിട്ടുണ്ട്. ആദ്യ ഘട്ടമെന്ന നിലയിൽ 30 കോടി ഡോളർ അടയ്ക്കുമെന്നും ബൈജൂസ് വ്യക്തമാക്കി.
Post Your Comments