തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പ്രാദേശിക ഭരണസംവിധാനവും പൊതുജനാരോഗ്യ സംവിധാനവും കോവിഡ് മഹാമാരിയെ നേരിടുന്നതിൽ മുഖ്യ പങ്കു വഹിച്ചതായി ‘കേരളം മഹാമാരികളെ നേരിട്ട വിധം’ എന്ന വിഷയത്തിൽ നടന്ന കേരളീയം സെമിനാർ അഭിപ്രായപ്പെട്ടു. സർക്കാർ ഒപ്പമുണ്ട് എന്ന ബോധ്യവും ആരോഗ്യ സംവിധാനത്തിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസവും കോവിഡ് മരണ നിരക്ക് കുറയ്ക്കാൻ സാധിച്ചു. നിപ വൈറസ് ബാധയും പ്രകൃതി ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതുൾപ്പെടെയുള്ള മുൻകാല അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, പൊതുജനാരോഗ്യ അടിയന്തര പ്രതികരണ സംവിധാനം സജീവമാക്കിയതും ഇക്കാര്യത്തിൽ സഹായകമായതായും മാസ്‌ക്കറ്റ് പൂൾസൈഡ് ഹാളിൽ സെമിനാർ വിലയിരുത്തി.
Read Also: മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ: നാടന്‍ ബ്ലോഗര്‍ അക്ഷജ് അറസ്റ്റില്‍
കോവിഡ് വെല്ലുവിളിയെ മികച്ച രീതിയിൽ അതിജീവിക്കാനായത് അഭിമാനകരമായ നേട്ടമാണെന്ന് സെമിനാറിൽ അധ്യക്ഷത വഹിച്ച ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ശാസ്ത്രീയമായ രീതിയിൽ പ്രതിരോധ സംവിധാനങ്ങൾ സജ്ജീകരിക്കാൻ സർക്കാറിനായി. ഒരു യുദ്ധ മുന്നണിയിലെന്ന പോലെ ഒറ്റക്കെട്ടായി കോവിഡിനോട് പോരാടുകയായിരുന്നു സർക്കാർ ചെയ്തതെന്നും മികച്ച ആസൂത്രണത്തോടെയുള്ള ഇടപെടൽ മരണ നിരക്ക് കുറയ്ക്കാൻ സഹായിച്ചതായും മുൻ ആരോഗ്യ മന്ത്രി കൂടിയായ കെ. കെ ശൈലജ ടീച്ചർ എംഎൽഎ പറഞ്ഞു.
കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ മികവും സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസവും കോവിഡ് പ്രതിരോധത്തിൽ നിർണായകമായതായി ആരോഗ്യ ഗവേഷകനും ഹാവഡ് സർവ്വകലാശാലയിലെ ടി.എച്ച് ചാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് സീനിയർ ലക്ചററുമായ ഡോ. റിച്ചാർഡ് എ കാഷ് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഭൂപ്രകൃതിയും മറ്റു സവിശേഷതകളും രോഗവ്യാപനത്തിന് അനുകൂലമായിരുന്നിട്ടും അതിനെ മികച്ച രീതിയിൽ പ്രതിരോധിക്കാനായത് വലിയ നേട്ടമാണെന്ന് ചെന്നൈ എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. സൗമ്യ സ്വാമിനാഥൻ അഭിപ്രായപ്പെട്ടു. ജീവിതശൈലി രോഗങ്ങളും മഹാമാരികളും അടക്കമുള്ളവയെ നേരിടാനായി ആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തേണ്ടതുണ്ടെന്നും ഗവേഷണ രംഗത്ത് സംസ്ഥാനം കൂടുതലായി ശ്രദ്ധ ചെലുത്തണമെന്നും അവർ പറഞ്ഞു.
കേന്ദ്ര സർക്കാറിന്റെയോ മറ്റു സംസ്ഥാനങ്ങളുടെയോ നിർദ്ദേശങ്ങൾക്ക് കാത്തു നിൽക്കാതെ സംസ്ഥാന സർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത് മാതൃകാപരമായിരുന്നുവെന്ന് പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. ജേക്കബ് ടി ജോൺ പറഞ്ഞു. സർക്കാർ- സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ സഹകരണം കോവിഡ് വ്യാപനത്തെ പിടിച്ചു നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹിക ജനാധിപത്യത്തിലൂടെ കേരളം നേടിയ പുരോഗതി മഹാമാരിയെ നേരിടുന്നതിൽ അനുകൂലഘടകമായിരുന്നുവെന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ക്ലിനിക്കൽ വൈറോളജി വിഭാഗത്തിലെ സീനിയർ പ്രൊഫസർ ഡോ പ്രിയ എബ്രഹാം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതിദിന കോവിഡ് വാർത്താസമ്മേളനങ്ങൾ ജനങ്ങളുടെ ആത്മവിശ്വാസം വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചതായും ഇത് രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ ഒരു മാതൃക സൃഷ്ടിച്ചതായും സംസ്ഥാന കോവിഡ് വിദഗ്ധ സമിതി ചെയർമാനും പ്ലാനിങ് ബോർഡ് അംഗവുമായിരുന്ന ഡോ. ബി. ഇക്ബാൽ അഭിപ്രായപ്പെട്ടു. കോവിഡ് കാലത്തെ സാമൂഹ്യ സന്നദ്ധ സേനയുടെ ഇടപെടലുകൾ, അതിഥി തൊഴിലാളികൾക്ക് നാം നൽകിയ പിന്തുണ തുടങ്ങിയവ മാതൃകാപരമായിരുന്നു. 95 ശതമാനം കോവിഡ് ബാധിതകൾക്കും സൗജന്യമായി ചികിത്സ നൽകാനായത് സംസ്ഥാനത്തിന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ പകർച്ചാവ്യാധികൾ തടയുന്നതിന് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണമെന്നും ആരോഗ്യം, മൃഗസംരക്ഷണം, വനം വകുപ്പുകളുടെ ഏകോപനം ഇക്കാര്യത്തിൽ ആവശ്യമാണെന്നും മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ പറഞ്ഞു. ലോക്ക്ഡൗൺ കാലയളവിലും അതിനുശേഷവും എല്ലാ പൗരന്മാർക്കും മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കിയും കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഉൾപ്പെടെ ഭക്ഷണം എത്തിച്ചു നൽകുന്നതിനുമായി കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചും കേരളം മാതൃകയായതായി അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ കോബ്രഗടെ അഭിപ്രായപ്പെട്ടു. സെമിനാറിൽ ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന ഡയറക്ടർ കെ. ജീവൻ ബാബു സ്വാഗതവും ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീന നന്ദിയും പറഞ്ഞു.
Read Also: മാർജിൻ ഫ്രീ ഷോപ്പ് ഉടമയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി: പ്രതി അറസ്റ്റിൽ
Post Your Comments