മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവര്‍ക്കും പരാതിപ്പെടാനുള്ള കാര്യം മുടി കൊഴിച്ചിലായിരിക്കും. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാം. കാലാവസ്ഥ, ഹോര്‍മോൺ വ്യതിയാനങ്ങള്‍, സ്ട്രെസ്, ഡയറ്റിലെ പോരായ്കകള്‍ എന്നിങ്ങനെ പലതും കാരണമായി വരാം.
എന്നാല്‍, കാരണം ഏതുതന്നെ ആണെങ്കിലും മുടി കൊഴിച്ചില്‍ അത്ര എളുപ്പത്തില്‍ പരിഹരിക്കാൻ സാധിക്കുന്നൊരു പ്രശ്നമല്ല. ഫലപ്രദമായ ചികിത്സയുണ്ടെങ്കില്‍ പോലും ക്രമേണ മാത്രമാണ് ഇതിന്‍റെ ഫലം കാണാനാകൂ. എന്തായാലും മുടി കൊഴിച്ചില്‍ തടയാൻ നമ്മള്‍ വീടുകളിലും പരമ്പരാഗതമായി ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്.
ഇതിനെല്ലാം താല്‍പര്യപ്പെടുന്നവരാണെങ്കില്‍ അവര്‍ക്ക് ചെയ്തുനോക്കാവുന്ന, ഇത്തരത്തിലുള്ളൊരു പൊടിക്കൈ ആണിനി പങ്കുവയ്ക്കുന്നത്. ഉലുവ കൊണ്ടാണിത് നമ്മള്‍ ചെയ്യുന്നത്. ഉലുവയ്ക്ക്, നമുക്കറിയാം പല ആരോഗ്യഗുണങ്ങളും ഉള്ളതാണ്. ഇക്കൂട്ടത്തില്‍ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഉലുവ ഏറെ സഹായകരമാണ്.
പലരും ഉലുവ വെള്ളത്തില്‍ മുടി കഴുകുകയും ഉലുവയരച്ച് മുടിയില്‍ തേക്കുകയുമെല്ലാം ചെയ്യാറുണ്ട്. ഇതൊന്നുമല്ലാതെ എല്ലാ ദിവസവും ഉലുവയിട്ട വെള്ളം കുടിക്കുന്നതാണ് നമ്മുടെ പൊടിക്കൈ. എങ്ങനെയാണ് ഇതിനായി ഉലുവ വെള്ളം തയ്യാറാക്കുന്നത് എന്നതാണിനി പങ്കുവയ്ക്കുന്നത്.
ഉലുവ ഒന്നിച്ച് ചെറുതായി ഒന്ന് വറുത്തെടുക്കണം (വറവ് അധികമാകരുത്). ഇനിയിത് ചൂടാറിയ ശേഷം നനവില്ലാത്ത മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കാം. നനവുണ്ടെങ്കില്‍ ഇത് കൂടുതല്‍ ദിവസത്തേക്ക് സൂക്ഷിച്ചുവച്ചാലും കേടായിപ്പോകുമെന്നതാണ് പ്രശ്നം. അതിനാല് നനവ് പറ്റാതെ വേണം ഉലുവ പൊടിച്ചെടുക്കാൻ.
ഇനിയിതില്‍ നിന്ന് ഒരു സ്പൂണ്‍ എടുത്ത് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തിയാല്‍ ഉലുവ വെള്ളമായി. കഴിയുന്നതും രാവിലെ ഉറക്കമെഴുന്നേറ്റയുടൻ വെറുംവയറ്റില്‍ ഇത് കുടിക്കുന്നതാണ് ഏറെ നല്ലത്. മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല ഗ്യാസ്, മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിനും, വണ്ണം കുറയ്ക്കുന്നതിനുമെല്ലാം ഉലുവ വെള്ളം ഏറെ സഹായകമാണ്.
ഉലുവയിലുള്ള അമയേണ്‍, പ്രോട്ടീൻ ഫ്ളേവനോയിഡ്സ്, ആന്‍റി-ഓക്സിഡന്‍റ്സ് – അതുപോലെ തന്നെ ഫംഗസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്നിവയാണ് മുടി വളര്‍ച്ചയ്ക്ക് സഹായകമാകുന്നത്. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഉലുവ പതിവായി കഴിക്കുന്നത് മുടിയുടെ കട്ടിയും കൂട്ടുമെന്നാണ്.
Post Your Comments