ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചോദ്യം ചെയ്യലിനായി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് നിർദ്ദേശം. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിക്ക്100 കോടി രൂപ കിട്ടിയതിന് തെളിവുണ്ടെന്ന് ഇഡി പറയുന്നു. വിജയ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ചോദ്യങ്ങൾ ഉണ്ടാകും. എന്നാൽ, വിഷയത്തിൽ മൗനം തുടരുകയാണ് അരവിന്ദ് കെജ്രിവാൾ.
അരവിന്ദ് കെജ്രിവാളിനെ ജയിലിലാക്കി പാർട്ടിയെ തകർക്കാനുള്ള നീക്കമാണ് ഇതെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. അറസ്റ്റ് ഉണ്ടായാലും പാർട്ടി നേതൃത്വത്തിൽ നിന്ന് കെജ്രിവാൾ മാറേണ്ട സാഹചര്യമില്ലെന്നാണ് എഎപി വ്യക്തമാക്കുന്നത്.
അതേസമയം, കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ആം ആദ്മി പാർട്ടി ആസ്ഥാനത്തും ഡൽഹിയിലെ വിവിധ ഇടങ്ങളിലും പ്രതിഷേധത്തിന് നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അടക്കം പങ്കെടുക്കും. ഇന്ന് ജാഥയായി ഇഡി ഓഫീസിലേക്ക് നീങ്ങാനാണ് ആലോചന.
Post Your Comments