കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നിര്‍ത്തി യഹോവ സാക്ഷികള്‍. മൂന്ന് സംസ്ഥാനങ്ങളിലെ പ്രാര്‍ത്ഥനാ യോഗങ്ങളാണ് നിര്‍ത്തിവെച്ചത്. പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ ഓണ്‍ലൈനില്‍ നടത്താന്‍ ‘യഹോവയുടെ സാക്ഷികള്‍ ഇന്ത്യ’ ഘടകത്തിലെ വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്‍സ് പ്രാര്‍ത്ഥനാ സംഗമങ്ങള്‍ താത്കാലികമായി നിര്‍ത്തിയെന്നാണ് വിശ്വാസി കൂട്ടായ്മയുടെ അറിയിപ്പ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യോഗങ്ങള്‍ ഓണ്‍ലൈനിലൂടെ നടത്തും. കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഞായറാഴ്ച രാവിലെ കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യഹോവ സാക്ഷി പ്രാര്‍ത്ഥനാ യോഗത്തിനിടെയാണ് സ്ഫോടനമുണ്ടായത്. ഇതുവരെ മൂന്ന് പേര്‍ മരിച്ചു. സംഭവത്തിന് പിന്നാലെ കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഐപിസി 302, 307, എക്സ്പ്ലോസീവ് ആക്ട് 3എ എന്നീ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments