Latest NewsKeralaNews

‘ഞാൻ പ്രശസ്ത, അത് കൊണ്ട് ഞാൻ പറയുന്നത് ശാസ്ത്രമെന്ന ഈഗോയിൽ അഭിരമിക്കുന്നു’ : നടി ലെനയെക്കുറിച്ച് ഡോക്ടറുടെ കുറിപ്പ്

കിഡ്നി പോകും, ബ്രെയിൻ പോകും, കരൾ പോകുമെന്നൊക്കെ ഒരു നിരക്ഷരയെ പോലെ വിളിച്ച് കൂവുന്നുണ്ട്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി ലെനയുടെ ഒരു അഭിമുഖം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ ജന്മത്തിൽ ബുദ്ധ സന്യാസിയായിരുന്നുവെന്ന് ഇന്റർവ്യൂവിൽ തറപ്പിച്ചു പറയുന്ന ലെന മികച്ച അഭിനേത്രി തന്നെയെന്നും മനഃശാസ്ത്രത്തിൽ ബിരുദാന്തര ബിരുദമുള്ള ലെന മനോരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ചും, രക്തത്തിലെ കൊഴുപ്പ്‌ കുറയ്ക്കുന്ന ഔഷധങ്ങളെ പറ്റിയും ഒത്തിരി അബദ്ധങ്ങൾ വിളമ്പുന്നുണ്ട് എന്ന് ഡോക്ടർ സി ജെ ജോൺ.

read also: ഗാസ കഴിഞ്ഞാൽ ഹമാസ്​ ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ്​ കേരളം: രൂക്ഷവിമർശനവുമായി പികെ കൃഷ്ണദാസ്

സോഷ്യൽ മീഡിയ കുറിപ്പ്

അഭിനേത്രി ലെനയുടെ ഒരു ഇന്റർവ്യൂവിനെ കുറിച്ച് പറയും മുമ്പേ ചില കാര്യങ്ങൾ വ്യക്തമാക്കട്ടെ. ഡിഗ്രി കഴിഞ്ഞു ക്ലിനിക്കൽ സൈക്കോളജി കൂടി ഉൾപ്പെടുന്ന രണ്ട് വർഷ ബിരുദാനന്തര ബിരുദം നേടിയാൽ മാത്രം മെന്റൽ ഹെൽത്ത് കെയർ ആക്ട് പ്രകാരം ക്ലിനിക്കൽ സൈക്കോളജിസ്ററ് ആവില്ല. അതിന് ചികിത്സാ സാഹചര്യമുള്ള അംഗീകൃത സ്ഥാപനങ്ങളിലെ രണ്ട്‌ വർഷ പി ജി അനന്തര പഠനം വേണം. സൈക്കോളജിയിലും ക്ലിനിക്കൽ സൈക്കോളജിയിലും എം എ യോ, എം എസ്സിയോ ഉള്ളവർക്ക് കൗൺസെല്ലിംഗ് പോലെയുള്ള മനഃശാസ്ത്ര ചികിത്സകൾ തീർച്ചയായും ചെയ്യാം.ചില ആശുപത്രികളിൽ സൈക്കോളജിസ്റ്റെന്ന തസ്തികയിൽ നിയമിക്കാറുമുണ്ട്. അവർ പഠിക്കുന്ന സിലബസ്സിൽ ശാസ്ത്ര വിരുദ്ധ പ്രചരണം നടത്തണമെന്ന് പഠിപ്പിക്കുന്നുമില്ല.

എന്നാൽ മനഃശാസ്ത്രത്തിൽ ബിരുദാന്തര ബിരുദമുള്ള അഭിനേത്രിയായ ലെന മനോരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ചും, രക്തത്തിലെ കൊഴുപ്പ്‌ കുറയ്ക്കുന്ന ഔഷധങ്ങളെ പറ്റിയും, മൈഗ്രൈനേക്കുറിച്ചും ന്യൂ ഇന്ത്യൻ സ്പ്രസ്സിലെ ഇന്റർവ്യൂയിൽ ഒത്തിരി അബദ്ധങ്ങൾ വിളമ്പുന്നുണ്ട്. കൊളസ്‌ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ കുഴപ്പം പിടിച്ചതാണെന്നാണ് ഒരു നിരീക്ഷണം. ലെന മാഡം കൊളസ്‌ട്രോൾ വാല്യൂവിന്റെ നോർമൽ ശാസ്ത്ര ലോകം കുറച്ചതിനെ വിമർശിക്കുന്നു.

എൽ. ഡി. എൽ, എച്ച്. ഡി. എൽ തുടങ്ങിയ ലിപിഡ് പ്രൊഫൈൽ വക ഭേദങ്ങളെ കുറിച്ച് പറയാതെ കൊളസ്‌ട്രോൾ വാല്യൂവിനെ കുറിച്ച് മാത്രം പുലമ്പുന്നു. സ്‌റ്റാറ്റിൻ ഹൃദ്രോഗ നിയന്ത്രണത്തിൽ സൃഷ്ടിച്ച പ്രതിരോധത്തെ കുറിച്ചുള്ള പഠനങ്ങൾ ശ്രദ്ധിക്കാൻ പോകുന്നുമില്ല. ഞാൻ പ്രശസ്ത. അത് കൊണ്ട് ഞാൻ പറയുന്നത് ശാസ്ത്രമെന്ന ഈഗോയിൽ അഭിരമിക്കുന്നു. മനസ്സിന്റെ രോഗമുള്ളവരെയും, മനോരോഗത്തിനുള്ള മരുന്നുകളെയും കുറ്റം പറയുന്ന സിനിമാ ശൈലിയിൽ തന്നെയാണ് ലെനയും. ആത്മഹത്യാ ചിന്തയെ ബുൾ ഷിറ്റ് എന്ന് പരിഹസിക്കുന്നത് ശ്രദ്ധിക്കുക. ഇത് സൈക്കോളജിസ്റ്റിന്റെ ഭാഷയല്ല. ഒരു ശാസ്ത്രം പഠിച്ച വ്യക്തിയുടെ ശബ്ദമല്ല ഇത്.

രോഗ നിയന്ത്രണം വന്ന പലരും ഇതൊക്കെ കേട്ട് മരുന്ന് നിർത്തി കൂടുതൽ രോഗാവസ്ഥയിലേക്ക് വഴുതി വീഴുന്നത് നിത്യ സംഭവമാണ്. ലെനയുടെ വാചകമടി കേട്ട് കുറച്ച് പേർ കഷ്ടപ്പെടട്ടെ. കിഡ്നി പോകും, ബ്രെയിൻ പോകും, കരൾ പോകുമെന്നൊക്കെ ഒരു നിരക്ഷരയെ പോലെ വിളിച്ച് കൂവുന്നുണ്ട്. ഇതൊക്കെ കുറെ കാലം കഴിച്ചിരുന്നുവെന്ന്‌ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിട്ട് കിഡ്നി പോകാതെ, അഭിനയിക്കാൻ പ്രാപ്തി നൽകുന്ന തലച്ചോറോടെ, ആരോഗ്യത്തോടെ മാഡം ഇപ്പോഴും നില നിൽക്കുന്നുണ്ടല്ലോ? സന്തോഷം. ഈഗോ ഇല്ലാതായാൽ മൈഗ്രൈൻ ഇല്ലാതാകുമെന്നതാണ് അഭിനേത്രിയുടെ പക്ഷം. അശാസ്ത്രീയത സിനിമാ ഡയലോഗ് പോലെ പറഞ്ഞിട്ട് ഒടുവിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം വേണം മരുന്ന് നിർത്താനെന്നൊരു ഡിസ്ക്‌ളൈമർ നൽകിയിട്ടുമുണ്ട്. എന്ത് പറയാനാണ്? സെലിബ്രിറ്റികൾ പൊതു ബോധത്തിലേക്ക് ഇട്ട് കൊടുക്കുന്ന ആശയക്കുഴപ്പങ്ങളിൽ മനം മടുത്തു ഇടുന്ന പോസ്റ്റാണിത്. ലെന ഒരു പ്രതീകം മാത്രം.

വീഡിയോ ലിങ്ക് കമന്റിൽ കൊടുക്കുന്നുണ്ട്. കേട്ട് രസിക്കുക. ഇത് കേട്ട് എല്ലാ ഔഷധങ്ങളും നിർത്തുന്നവർ നിർത്തട്ടെ. മരുന്ന് കഴിക്കണമെന്ന് നിർദ്ദേശിക്കുന്ന വേളകളിൽ ഈ സൂക്തം വിശ്വസിച്ചു എതിർക്കട്ടെ . ഇമ്മാതിരി വർത്തമാനങ്ങൾ പറഞ്ഞ് ആധുനീക ചികിത്സയിൽ നിന്നും അകന്ന്‌ നടന്ന ഒരു സിനിമാ പ്രമുഖൻ രോഗം കലശലായപ്പോൾ മൃത പ്രായനായി ആശുപത്രിയിൽ കയറുകയും രക്ഷപ്പെടുകയും ചെയ്ത സംഭവം കേരളം കണ്ടിട്ടുണ്ട്. കഴിഞ്ഞ ജന്മത്തിൽ ബുദ്ധ സന്യാസിയായിരുന്നുവെന്ന് ഇതേ ഇന്റർവ്യൂവിന്റെ വേറെ ഭാഗത്തിൽ തറപ്പിച്ചു പറയുന്ന ലെന മികച്ച അഭിനേത്രി തന്നെ. ചികിത്സകയെന്ന നിലയിലുള്ള കേമത്തം ഇത് വരെ കേട്ടിട്ടില്ല. അത് ഇനി കൂടുതൽ തെളിയട്ടെ.
(സി ജെ ജോൺ)
#Lena
#NewIndianExpress

shortlink

Related Articles

Post Your Comments

Related Articles


Back to top button