തൃശൂര്‍ കല്ലുംപുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസ് എടുത്തു. മരിച്ച സബീനയുടെ(25) കുടുംബം നല്‍കിയ പരാതിയിലാണ് കേസ്. കല്ലുംപുറം പുത്തന്‍പീടികയില്‍ സൈനുല്‍ ആബിദിനെതിരെ ഗാര്‍ഹിക പീഡന പരാതിയാണ് സബീനയുടെ മാതാപിതാക്കള്‍ നല്‍കിയിരുന്നത്. ഈ മാസം 25ന് ആണ് ഭര്‍തൃവീട്ടിലെ അടുക്കളയില്‍ സബീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിച്ചാണു മകള്‍ കഴിഞ്ഞിരുന്നതെന്നു സബീനയുടെ പിതാവ് പറയുന്നു. 8 വര്‍ഷം മുന്‍പായിരുന്നു സബീനയും സൈനുല്‍ ആബിദും തമ്മിലുള്ള വിവാഹം. വിവാഹസമയത്ത് 40 പവന്‍ ആഭരണങ്ങള്‍ സബീനയ്ക്ക് വീട്ടുകാര്‍ നല്‍കിയിരുന്നു. പിന്നീട് രണ്ടുതവണയായി ആറ് പവനും നല്‍കി. കാര്‍ വാങ്ങാന്‍ 10 ലക്ഷം ആവശ്യപ്പെട്ടായിരുന്നു ഒടുവില്‍ പീഡനം. ഇക്കാര്യങ്ങളൊക്കെ സബീന ഡയറിയില്‍ കുറിച്ചിരുന്നു. ഈ ഡയറി വീട്ടിലെ അലമാരയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ആബിദ് സബീനയ്ക്കും വീട്ടുകാര്‍ക്കുമയച്ച ശബ്ദ സന്ദേശങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
കഴിഞ്ഞ 7 വര്‍ഷവും കടുത്ത പീഡനമാണ് മകള്‍ നേരിട്ടതെന്ന് പിതാവ് പറയുന്നു. ഒരു ഘട്ടത്തില്‍ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സഹായം തേടി മഹല്ല് കമ്മിറ്റികളെയും ബന്ധുക്കളെയും സമീപിച്ചിരുന്നു. തുടര്‍ന്ന് ഇനി പ്രശ്നം ഉണ്ടാകില്ലെന്ന ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു മകളെ ആ വീട്ടില്‍ തുടര്‍ന്നു താമസിക്കാന്‍ അനുവദിച്ചതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. സബീനയുടെ ഭര്‍ത്താവ് ആബിദ് വിദേശത്തായിരുന്നു. ഇവര്‍ക്ക് ആറും രണ്ടും വയസ്സുള്ള മക്കളുണ്ട്.
മരിക്കുന്നതിനു തൊട്ടുമുന്‍പു സബീന തന്റെ മാതാവിനെ വിളിച്ചിരുന്നു. ഭര്‍ത്താവ് മാനസികമായി പീഡിപ്പിക്കുകയാണെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും യുവതി ഫോണിലൂടെ പറഞ്ഞിരുന്നു. പിന്നാലെ കഴുത്തില്‍ കുരുക്കു മുറുക്കിയ ശേഷം സെല്‍ഫി എടുത്തു മാതാവിന് അയയ്ക്കുകയും ചെയ്തു. ഇത് കണ്ട് ഭയന്ന മാതാവ് ഓട്ടോറിക്ഷ വിളിച്ചു കല്ലുംപുറത്ത് എത്തിയെങ്കിലും സബീനയെ രക്ഷിക്കാനായില്ല. മലപ്പുറം ജില്ലയിലെ കൊഴിക്കരയിലാണ് യുവതിയുടെ വീട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471- 2552056)
Post Your Comments