Latest NewsKeralaNews

38 ശതമാനവും വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന നാട്; പ്രകൃതിരമണീയതയുടെ വയനാട്

1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ്‌ ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. ഡെക്കാൻ പീഠഭൂമിയുടെ തെക്കേ അറ്റത്താണ് വയനാട് ജില്ല നിലകൊള്ളുന്നത്, പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗം ഉൾപ്പെടുന്നു. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്. ലോകത്തിലെ മികച്ച താമസ സൗകര്യത്തിനു വയനാടിന് 9 റാങ്ക് ആണുള്ളത്.

വയനാട് എന്ന പേര് വന്ന വഴി:

വയൽ–നാട്, കാടുകളുടെ നാട് എന്നർത്ഥത്തിൽ വനനാട്, വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ മൂലനാമമായി ചേർക്കുന്നുണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങൾ:

ചെമ്പ്രമുടി:

തെക്കന്‍ വയനാട്ടില്‍ മേപ്പാടിക്കടുത്താണ് 2100 മീറ്റര്‍ ഉയരമുള്ള ചെമ്പ്രമുടി. മലബാര്‍ മേഖലയിലെ ഏറ്റവും ഉയരമുള്ള മുടികളില്‍ ഒന്നാണിത്. ചെമ്പ്രമുടി കയറി ഇറങ്ങുന്നത് ഏകദേശം ഒരു ദിവസത്തെ അദ്ധ്വാനമാണ്. കയറുമ്പോള്‍ പ്രകൃതിയില്‍ വരുന്ന മാറ്റങ്ങളും ഉയരങ്ങളില്‍ നിന്നു ലഭിക്കുന്ന വയനാടന്‍ ദൃശ്യങ്ങളും പ്രത്യേകം ശ്രദ്ധിക്കുക. കല്‍പ്പറ്റയിലെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (DTPC) ക്യാമ്പിംഗിന് ഉള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും.

നീലിമല:

വയനാടിന്റെ തെക്കു കിഴക്കന്‍ ഭാഗത്താണ് നീലിമല. കല്‍പ്പറ്റയില്‍ നിന്നോ സുല്‍ത്താന്‍ ബത്തേരി ഭാഗത്തു നിന്നോ നീലിമല കയറാം. നിരവധി ചാലുകള്‍ ഉള്ള നീലിമല കയറാന്‍ നിരവധി സാഹസിക നടത്തത്തിന്‌ സാധ്യതകളും ഉണ്ട്. മുകളില്‍ എത്തിയാല്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്റെ ദൃശ്യം അവിസ്മരണീയമാണ്.

മീന്‍മുട്ടി വെള്ളച്ചാട്ടം:

ഊട്ടിയും വയനാടും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡില്‍ നിന്നു മീന്‍മുട്ടി വെള്ളച്ചാട്ടത്തിലേക്കു നടക്കാം. ഏകദേശം രണ്ടു കിലോ മീറ്റര്‍ ദൂരം നടത്തമുണ്ട്. 300 മീറ്റര്‍ മുകളില്‍ നിന്നു മൂന്ന് ഘട്ടങ്ങളായി താഴേക്കു പതിക്കുന്ന മീന്‍മുട്ടി വയനാട്ടിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്.

ചെതലയം:

വയനാടിന്റെ വടക്കന്‍ ഭാഗത്ത് സുല്‍ത്താന്‍ ബത്തേരിയോടു ചേര്‍ന്നാണ് ചെതലയം വെള്ളച്ചാട്ടം. മീന്‍മുട്ടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ചെറിയ വെള്ളച്ചാട്ടം മാത്രമാണിത്. എന്നാല്‍ സാഹസിക നടത്തത്തിന് പറ്റിയ സ്ഥലമാണ് ഈ പ്രദേശം. കൂടാതെ പക്ഷി നിരീക്ഷണത്തിനു ഏറ്റവും യോജിച്ച ഇടവും.

പക്ഷിപാതാളം:

സമുദ്ര നിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തില്‍ ബ്രഹ്മഗിരി കുന്നുകള്‍ക്കിടയില്‍ കാടിനകത്താണ് പക്ഷിപാതാളം എന്നു പേരുള്ള ഗുഹകള്‍. വലിയ പാറക്കൂട്ടങ്ങളുള്ള മേഖലയാണിത്, ചില പാറകള്‍ വളരെ വലുതും. ഈ മേഖലയിലുള്ള ഗുഹകള്‍ പലയിനം ചെറു ജീവികളുടേയും പക്ഷികളുടെയും വവ്വാലുകളുടെയും ആവാസ കേന്ദ്രമാണ്. മാനന്തവാടിക്കടുത്താണ് പക്ഷിപാതാളം. കാട്ടിലൂടെ 7 കിലോമീറ്റര്‍ സാഹസിക നടത്തത്തിന് ശേഷമേ ഇവിടെ എത്തൂ. തിരുനെല്ലിയില്‍ നിന്നാണ് തുടക്കം. വടക്കന്‍ വയനാട് വനംവകുപ്പിന്റെ അനുമതി ഉണ്ടെങ്കിലേ അവിടേക്കു പ്രവേശനമുള്ളൂ.

ബാണാസുര സാഗര്‍ അണക്കെട്ട്:

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മണ്ണ് കൊണ്ടുള്ള അണക്കെട്ട് (എര്‍ത്ത് ഡാം) ആണ് ബാണാസുര സാഗര്‍ അണക്കെട്ട്. വയനാടിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലയിലാണിത്. കര്‍ലാട് തടാകം ഇതിന് അടുത്താണ്. ബാണാസുരന്‍ മുടിയിലേക്കുള്ള സാഹസിക നടത്തം ആരംഭിക്കുന്നത് ബാണാസുര സാഗര്‍ പദ്ധതി പ്രദേശത്തു നിന്നാണ്. ബാണാസുര സാഗര്‍ അണക്കെട്ട് പൂര്‍ത്തിയായപ്പോള്‍ ജലസംഭരണിയ്ക്കുള്ളില്‍ സൃഷ്ടിക്കപ്പെട്ട ചെറു ദ്വീപുകള്‍ ഇവിടെ നിന്നുള്ള നല്ലൊരു കാഴ്ചയാണ്. വയനാടിനെ അതിന്റെ പ്രകൃതിയിലും മണത്തിലും ശബ്ദത്തിലും അടുത്തറിയുമ്പോള്‍ വയനാടിന്റെ സ്വന്തം സുഗന്ധ വ്യഞ്ജനങ്ങളും കാപ്പിയും തേയിലയും മുള ഉല്പന്നങ്ങളും വാങ്ങാനും ശ്രദ്ധിക്കണം. തേനും ഔഷധ സസ്യങ്ങളും വയനാട്ടില്‍ ലഭ്യമായ മറ്റ് ഉല്പന്നങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button