KeralaLatest NewsNews

സ്വാഭാവിക വനങ്ങളാൽ തിങ്ങിനിറഞ്ഞ തെന്മല എന്ന പ്രകൃതി ജാലകം

രാജ്യത്തെ തന്നെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് തെന്മലയിലേത്. കൊല്ലം – ചെങ്കോട്ട റോഡും, തിരുവനന്തപുരം – ചെങ്കോട്ട റോഡും സന്ധിക്കുന്നത് തെന്മലയിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി പരന്നു കിടക്കുന്ന മലനിരകളെ ബന്ധിപ്പിച്ച് 10 ഇടങ്ങളിലായാണ് തെന്മല പദ്ധതി. തെന്മല എന്ന വാക്കു തന്നെ തേന്‍മല എന്നതിന്റെ ഉച്ചാരണഭേദമാണ്. തോട്ടങ്ങളും, കുന്നുകളും, സ്വാഭാവിക വനങ്ങളും ഉള്‍പ്പെടുന്ന പ്രകൃതി ജാലകമാണ് തെന്മലയിലേത്. തെന്മല ജലസംഭരണി ബോട്ടിംഗിനും ഉപയോഗിക്കുന്നു.

കൊല്ലത്തു നിന്നു 66 കിലോമീറ്റര്‍ അകലെയാണ് തെന്മല. മരങ്ങളുടെ പച്ചമേലാപ്പിനിടയിലൂടെ ഒരു ആകാശയാത്ര തെന്മലയിലെ പ്രധാന ആകര്‍ഷണമാണ്. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് വലകള്‍ ഒരുക്കുന്ന ഈ ആടും പാത. കൂടാതെ ഒട്ടേറെ ശില്പങ്ങളാല്‍ സമ്പന്നമായ കുട്ടികളുടെ പൂന്തോട്ടവും വൈകുന്നേരം ഉല്ലാസ നടത്തത്തിനുള്ള തറയോടു പാകിയ വഴികളും ഈ കേന്ദ്രത്തെ നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. നിര്‍മ്മിതമായ സൗകര്യങ്ങള്‍ക്കപ്പുറം യഥാര്‍ത്ഥ വന്യാനുഭൂതി നുകരാന്‍ കാടിനുള്ളില്‍ ഏറുമാടങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

തെന്മലയില്‍ ഒരുക്കിയിട്ടുള്ള നക്ഷത്ര വനം മറ്റൊരു കൗതുകമാണ്. മലയാളം പഞ്ചാംഗം അനുസരിച്ച് ദിവസങ്ങളെ 27 നക്ഷത്രങ്ങളായി തിരിച്ചിട്ടുണ്ട്, ഈ ജന്മനക്ഷത്രങ്ങള്‍ക്ക് ഓരോന്നിനും ഓരോ വൃക്ഷവും പക്ഷിയും മൃഗവും പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 27 ജന്മ നക്ഷത്രങ്ങളുടെയും വനം ആണ് നക്ഷത്രവനം. ഇവിടെ നിന്ന് ഓരോ ജന്മനക്ഷത്രത്തിനോടും ചേര്‍ന്ന വൃക്ഷത്തിന്റെ തൈ വാങ്ങാനും സൗകര്യമുണ്ട്. തെന്മലയില്‍ തന്നെ ഒരു മാന്‍ പുനരധിവാസ കേന്ദ്രവുമുണ്ട്. പരിക്കേറ്റതും, ഉപേക്ഷിക്കപ്പെട്ടതുമായ മാന്‍കുഞ്ഞുങ്ങളെ പരിപാലിച്ച് തിരിച്ച് കാട്ടിലേക്കു വിടുന്ന കേന്ദ്രമാണിത്. ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലേക്ക് ബോട്ടു യാത്രയും ഈ പദ്ധതിയുടെ ഭാഗമായുണ്ട്.

വിശദ വിവരങ്ങള്‍ക്ക്:
ഇന്‍ഫര്‍മേഷന്‍ ഡെസ്ക്
തെന്മല എക്കോ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി
തെന്മല ഡാം ജംഗ്ഷന്‍
തെന്മല പി.ഒ. കൊല്ലം ജില്ല, പിന്‍കോട് – 691308
കേരളം, ഇന്ത്യ
ഫോണ്‍ : + 91 475 2344800
ഇ-മെയ്ല്‍ : info@thenmalaecotourism.com
വെബ്‌സൈറ്റ് : http://www.thenmalaecotourism.com/
അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : ചെങ്കോട്ട, 29 കി. മീ., കൊല്ലം 66 കി. മീ.
അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 72 കി. മീ.

shortlink

Related Articles

Post Your Comments

Related Articles


Back to top button