തിരുവനന്തപുരം: കേരളം കണ്ടിട്ടില്ലാത്തതരം മഹാ മഹാസർഗോത്സവം ആയിരിക്കും കേരളത്തിൽ അരങ്ങേറുകയെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിലെ പരിപാടികൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി. ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ കേരളം ആർജിച്ച നേട്ടങ്ങൾ സർഗസന്ധ്യകളായി ആവിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളീയം പരിപാടികളിലും പ്രദർശനങ്ങളിലേക്കുമുള്ള പ്രവേശനം സൗജന്യമായിരിക്കും. കേരളീയത്തിന്റെ വേദികൾ ഉൾപ്പെടുന്ന മേഖല റെഡ്സോണായി പ്രഖ്യാപിക്കും. ഈ മേഖലയിൽ കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾ വഴി സന്ദർശകർക്കു സൗജന്യയാത്ര ഒരുക്കും. ഏഴു പതിറ്റാണ്ടിനിടയിൽ കേരളം കൈവരിച്ച നേട്ടങ്ങളുടെയും വികസന മുന്നേറ്റങ്ങളുടെയും പ്രദർശനവും വിനോദ സാംസ്‌കാരിക പരിപാടികളും അവതരിപ്പിക്കും.
സെമിനാർ, എക്സിബിഷൻ, ട്രേഡ് ഫെയർ, ഫുഡ് ഫെസ്റ്റിവൽ, ഫിലിം ഫെസ്റ്റിവൽ, ഫ്‌ളവർ ഷോ, ബുക്ക് ഫെസ്റ്റ്, കൾച്ചറൽ ഫെസ്റ്റ്, സ്ട്രീറ്റ് ഷോ തുടങ്ങി വിവിധ പരിപാടികൾ കേരളീയത്തോടനുബന്ധിച്ചു നടക്കും. കേരളം കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി നേടിയെടുത്ത വികസനത്തിന്റെയും നേട്ടങ്ങളുടെയും സമഗ്രമായ ഒരു ചിത്രമൊരുക്കുകയാണ് കേരളീയം. സംസ്ഥാനത്തുടനീളം സാമൂഹിക-സാമ്പത്തിക അഭിവൃദ്ധി വളർത്തിയെടുക്കുക, എല്ലാ മേഖലകളിലും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക, മുന്നോട്ടുള്ള വികസന നയങ്ങൾ രൂപപ്പെടുത്തുക, നവകേരളം രൂപപ്പെടുത്തുക എന്നിവയാണ് കേരളീയത്തിന്റെ ലക്ഷ്യം.
Post Your Comments