KeralaLatest NewsNews

കേരളീയം; വികസന നേട്ടങ്ങൾ ഒരുകുടക്കീഴിൽ – നവംബർ ഒന്നിന് തുടക്കം

തിരുവനന്തപുരം: കേരളീയം മഹാമേളയുമായി സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വികസന സാംസ്‌കാരിക മഹാമേളയാണ് കേരളീയം. നവംബർ 1 മുതൽ 8 വരെ മേള. ആഗോളതലത്തിൽ കേരളത്തിന്റെ വികസന മാതൃക പ്രദർശിപ്പിക്കാനും സംസ്ഥാനത്തിന്റെ പുരോഗതിക്കും വളർച്ചയ്ക്കും അത്യന്താപേക്ഷിതമായ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക മേഖലകളിലെ വളർച്ചയെ ലോകത്തിന് മുൻപിൽ ഉയർത്തി കാട്ടുക എന്നതാണ് മേളയുടെ ലക്ഷ്യം.

കേരളം കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി നേടിയെടുത്ത വികസനത്തിന്റെയും നേട്ടങ്ങളുടെയും സമഗ്രമായ ഒരു ചിത്രമൊരുക്കുകയാണ് കേരളീയം. സംസ്ഥാനത്തുടനീളം സാമൂഹിക-സാമ്പത്തിക അഭിവൃദ്ധി വളർത്തിയെടുക്കുക, എല്ലാ മേഖലകളിലും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക, മുന്നോട്ടുള്ള വികസന നയങ്ങൾ രൂപപ്പെടുത്തുക, നവകേരളം രൂപപ്പെടുത്തുക എന്നിവയാണ് കേരളീയത്തിന്റെ ലക്ഷ്യം.

കേരളത്തിന്റെ സമഗ്രമായ വളർച്ചയെ ആഘോഷിക്കുന്ന കേരളീയത്തിൽ സംസ്ഥനത്തിന്റെ നേട്ടങ്ങൾ, വിവിധ മേഖലകൾ നേരിടുന്ന വെല്ലുവിളികൾ, ഭാവി സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ, സെമിനാറുകൾ, എക്സിബിഷനുകൾ, വ്യാപാര മേളകൾ, ഭക്ഷ്യമേളകൾ, ചലച്ചിത്രമേളകൾ, പുഷ്പമേളകൾ, പുസ്തകോത്സവങ്ങൾ, സാംസ്കാരിക പരിപാടികൾ, തെരുവ്/റോഡ് പ്രകടനങ്ങൾ, ഇൻസ്റ്റലേഷനുകൾ എന്നിവയുൾപ്പെടെ വിവിധ പരിപാടികൾ അരങ്ങേറും.

സെമിനാറുകൾ

കേരളത്തിന്റെ വികസനത്തിന്റെ ബഹുമുഖ മാനങ്ങൾ സമഗ്രമായി വിലയിരുത്താനും വിശകലനം ചെയ്യുന്നതിനും 5 വേദികളിലായി കേരളീയം
25 വ്യത്യസ്ത മേഖലകളിൽ സെമിനാറുകൾ നടത്തും. കേരളത്തിലെ ജലവിഭവങ്ങൾ, ഭിന്നശേഷിക്കാരും മുതിർന്ന പൗരന്മാരും, പട്ടികജാതി-പട്ടികവർഗ വികസനം, കേരളത്തിലെ തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും, ടൂറിസം, ജൻഡർ ഡവലപ്മെന്റ്, കൃഷി, പ്രവാസികൾ, ക്ഷീര വികസനം, ഭക്ഷ്യസുരക്ഷ, ഉന്നത വിദ്യാഭ്യാസം, മഹാമാരിയിൽ കേരള പ്രതിരോധം, സേവനങ്ങൾ, വ്യവസായം, ഇൻഫർമേഷൻ ടെക്‌നോളജി, മത്സ്യമേഖല, മാധ്യമങ്ങൾ, പൊതുജനാരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കേരള സമ്പദ്‌വ്യവസ്ഥ, ഭൂപരിഷ്‌കരണം എന്നി വിഷയങ്ങളിലാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്.

എക്സിബിഷനുകൾ/ഇൻസ്റ്റലേഷനുകൾ

ലോകമറിയുന്ന പ്രതിഭകളുടെ 23 എക്സിബിഷനുകൾ കേരളീയത്തിന്റെ ഭാഗമാകും. 11 വിഷയങ്ങളിലായി വിവിധ എക്സിബിഷനുകൾ, 8 ആർട്ടിസ്റ്റുകളുടെ 42 ഇൻസ്റ്റലേഷനുകൾ, 5 സ്പെഷ്യൽ പ്രോഗ്രാം എന്നിവയാണ് എക്സിബിഷനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് കോവളം, വനിത വികസന കോർപ്പറേഷൻ ഉൾപ്പടെ വിവിധ സ്ഥാപനങ്ങൾ പ്രദർശനത്തിന്റെ ഭാഗമാകും.

വ്യാപാരമേളകൾ

പരമ്പരാഗത വ്യവസായങ്ങൾ, സഹകരണ മേഖലയിലെ വ്യാപാരമേള, വ്യവസായ വകുപ്പ്- MSME വ്യാപാരമേള, വനിത സംരംഭങ്ങളുടെ വ്യാപാരമേള, എതിനിക് വ്യാപാരമേളയുടെ 50 സ്റ്റാളുകൾ, കാർഷിക മൂല്യവർധിത ഉത്പന്ന മേളകൾ തുടങ്ങി 400-ലധികം സ്റ്റാളുകളുടെ പ്രദർശനം ഉൾപ്പെടുത്തി 9 വ്യത്യസ്ത വേദികളിലായി വ്യാപാര മേളകൾ സജ്ജീകരിക്കും. കൂടാതെ എല്ലാ വേദികളിലും ബ്രാൻഡഡ് സ്റ്റാളുകളും, 15 ഡെമോൺസ്ട്രഷൻസ് സ്റ്റാളുകളും ഒരുക്കും.

ഭക്ഷ്യമേള/ പുഷ്പമേള

കേരളത്തിൻ്റെ വൈവിധ്യമാർന്ന രുചികൾ സമന്വയിപ്പിച്ച ഭക്ഷ്യമേളയാണ് കേരളീയത്തിൽ ഒരുങ്ങുന്നത്. എകെജി സെന്റർ മുതൽ സ്പെൻസർ ജംഗ്‌ഷൻ വരെയും സ്പെൻസർ ജംഗ്‌ഷൻ മുതൽ വാൻറോസ് ജംഗ്‌ഷൻ വരെ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് സജ്ജീകരിക്കും. 9 വേദികളിലായി 11 ഭക്ഷ്യമേളകൾ സജ്ജീകരിക്കും. ഓരോന്നിലും15 സ്റ്റാളിൽ വീതം ഉൾപ്പെടുത്തി അകെ 150 ഓളം ഭക്ഷണശാലകൾ സജ്ജമാകും. മാനവീയം വീഥിയിൽ പരമ്പരാഗത കേരളീയ ഭക്ഷണങ്ങളും പഴയ അടുക്കള സാമഗ്രികളും പ്രദർശിപ്പിക്കുന്ന “പഴമയുടെ തനിമ” ഒരുക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ ഫൈവ് സ്റ്റാർ ഫെസ്റ്റിവൽ നടക്കും. പാരമ്പര്യ ഭക്ഷ്യവിഭവങ്ങൾ ഒരുക്കുന്ന മേളകൾ, കുടുംബശ്രീയുടെ ഭക്ഷ്യമേളകൾ, പാലും പാലുത്പ്പന്നങ്ങളും മത്സ്യോത്പന്നങ്ങളും ഉൾക്കൊള്ളുന്ന ഭക്ഷ്യമേളകൾ, സഹകരണ വകുപ്പും കാറ്ററിംഗ് അസോസിയേഷനും സംഘടിപ്പിക്കുന്ന ഭക്ഷ്യമേളകൾ തുടങ്ങി വിവിധ തരം മേളകൾ നടക്കും. ഇവ കൂടാതെ പാചക മത്സരങ്ങളും കനകക്കുന്നിൽ സംഘടിപ്പിക്കും.

കേരളീയത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ആകർഷകമായ പുഷ്പമേള നടക്കും. സെൻട്രൽ സ്റ്റേഡിയം, ഇ.കെ. നായനാർ പാർക്ക്, കനകക്കുന്ന്, അയ്യങ്കാളി ഹാൾ, എൽ.എം.എസ്. കോമ്പൗണ്ട്, ജവഹർ ബാലഭവൻ എന്നിങ്ങനെ നഗരത്തിലെ 6 വേദികളിലായാണ് പ്രദർശനം നടക്കുക. 7 വേദികളിൽ ഫ്ലവർ ഇൻസ്റ്റലേഷൻസ് കൂടാതെ 7 വേദികളിൽ പൂക്കളുപയോഗിച്ചുള്ള വിളംബര സ്തംഭം എന്നിവയും സജ്ജീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button