കൊച്ചി: കൊച്ചിയില്‍ ഷവര്‍മ കഴിച്ച് യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്ന് ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പച്ച മുട്ടയുടെ മയനൈസ് കൊച്ചിയിലെ ചില ഹോട്ടലുകളില്‍ ഭക്ഷണത്തോടൊപ്പം വിതരണം ചെയ്യുന്നു എന്ന കണ്ടെത്തലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയിട്ടുണ്ട്.
ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നാണ് കോട്ടയം സ്വദേശിയായ രാഹുല്‍ മരിച്ചതെന്ന ആരോപണത്തില്‍ ലാബ് പരിശോധന ഫലങ്ങളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭ്യമായതിനു ശേഷം ഹോട്ടലിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിലപാട്. അതിനിടെ, കാക്കനാട് മേഖലയില്‍ ലൈസന്‍സ് ഇല്ലാതെ നിരവധി ഭക്ഷ്യ വില്പനശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വിവരവും ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിക്കുന്നുണ്ട്.
അതേസമയം, മരിച്ച രാഹുലിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് രാഹുലിന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുക. സംസ്ഥാനത്ത് ഷവര്‍മ കഴിച്ചുള്ള മരണമാണോ രാഹുലിന്റെ കാര്യത്തില്‍ സംഭവിച്ചത് എന്നറിയുന്നതില്‍ പോസ്റ്റ്‌മോര്‍ട്ടം നിര്‍ണായകമാണ്. രാഹുലിന്റെ രക്ത പരിശോധഫലവും ഇന്ന് കിട്ടിയേക്കും. ഇവ രണ്ടും പരിശോധിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇന്നലെ ഉച്ചക്ക് 2.55 നാണ് രാഹുലിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
കാക്കനാട് സെസ്സിലെ ജീവനക്കാരനാണ് കോട്ടയം സ്വദേശിയായ രാഹുല്‍ ഡി നായര്‍ (24). ഇതിനടുത്തായി വാടകക്ക് താമസിക്കുന്ന രാഹുല്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഷവര്‍മ പാഴ്‌സലായി വാങ്ങി കഴിച്ചത്. ഇത് കഴിച്ചതിനു പിന്നാലെ രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് കുടുംബത്തിന്റെ പരാതി.
Post Your Comments