മധുരമില്ലാതെ എന്ത് ദീപാവലി. അപ്പോൾ മധുരിക്കുന്ന ആ ദിവസം കിടിലൻ ഒരു തേങ്ങാ ലഡു ആയാലോ? അടിപൊളി ആയിരിക്കും. ലഡു പലതരത്തില്‍ ഉണ്ടെങ്കിലും തേങ്ങാ ലഡുവിനെ കുറിച്ച് അധികം ആര്‍ക്കും അറിയില്ലായിരിക്കാം. ഇനി അറിയാവുന്നവര്‍ തന്നെ പലപ്പോഴും ഇതുണ്ടാക്കുന്നത് തേങ്ങയില്‍ പഞ്ചസാര ചേര്‍ത്തതാണ്. എന്നാല്‍ കുറച്ചുകൂടി വ്യത്യസ്തമായി വളരെയേറെ സ്വാദില്‍ എങ്ങനെ തേങ്ങാ ലഡു ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം.
ആവശ്യമായ സാധനങ്ങള്‍:
തേങ്ങ – 2 കപ്പ്
ബദാം ചെറുതായി അരിഞ്ഞത്-1/4 കപ്പ്( ഇതിനു പകരം കപ്പലണ്ടി,കശുവണ്ടിപരിപ്പ് ഇവയും ഉപയോഗിക്കാം)
ഏലക്ക പൊടി -3/4 റ്റീസ്പൂണ്‍
ശര്‍ക്കര -1 കപ്പ്
ജീരകപൊടി-1/4 റ്റീസ്പൂണ്‍
നെയ്യ് – 3 റ്റെബിള്‍ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം:
ആദ്യമായി ശര്‍ക്കര ഉരുക്കി പാനിയാക്കുക. ഇത് അരിച്ച് എടുത്ത് വക്കുക. പിന്നീട് പാന്‍ വച്ച് ചൂടാക്കിയ ശേഷം തേങ്ങ ഇട്ട് ചെറുതായി ചൂടാക്കുക. പച്ച തേങ്ങയിലെ നീര് ഒന്ന് വലിഞ്ഞു കിട്ടും വരെ മാത്രം ചൂടാക്കിയാല്‍ മതി. അതിനു ശേഷം വീണ്ടും ഒരു പാത്രം അടുപ്പില്‍ വച്ച് അരിച്ച് വച്ചിരിക്കുന്ന ശര്‍ക്കര പാനി ഒഴിച്ച് നന്നായി ചൂടാക്കുക. ചൂടായി വരുമ്പോള്‍ നെയ്യ് ചേര്‍ത്ത് ഇളക്കുക.
ശര്‍ക്കരയിൽ നെയ്യ് ചേര്‍ന്ന മിശ്രിതം ചേർത്ത്, നന്നായി ചൂടായി കഴിയുമ്പോള്‍ അതില്‍ തേങ്ങ, ബദാം എന്നിവ ചേര്‍ത്ത് ഇളക്കുക. പാത്രത്തിന്റെ അടിയില്‍ പിടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ നന്നായി ഇളക്കി കൊണ്ടിരിക്കണം. കുറുകി തുടങ്ങുമ്പോള്‍ ഏലക്കാപൊടി, ജീരകപൊടി ഇവ ചേര്‍ത്ത് വീണ്ടും ഇളക്കുക. ഈ മിശ്രിതം നന്നായി കുറുകി പാനിന്റെ സൈഡില്‍ നിന്നും വിട്ടു വരുന്ന പരുവം ആകുമ്പോള്‍ തീ അണയ്ക്കാം.
പിന്നീട് കയ്യില്‍ പിടിച്ച് ഈ മിശ്രിതം ഉരുട്ടാവുന്ന ചൂടാകുമ്പോള്‍ കൈയില്‍ കുറച്ച് നെയ്യ് തടവി ,ഈ കൂട്ട് ചെറിയ ലഡുവിന്റെ ഷേപ്പില്‍ ഉരുട്ടി എടുക്കുക. ഈ തേങ്ങാ ലഡുവിന് മുകളില്‍ ആവശ്യമെങ്കില്‍ എന്തെങ്കിലും ഉണങ്ങിയ വെച്ച് അലങ്കരിക്കാവുന്നതാണ്. ചൂടോടെയിരിക്കുമ്പോള്‍ കട്ടിയില്ല എന്ന് തോന്നുമെങ്കിലും തണുത്ത് കഴിയുമ്പോള്‍ സാധാരണ ലഡു പോലെ തന്നെ കഴിക്കാവുന്നതാണ്.
Post Your Comments