പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിന്റെ സംയോജിത നഷ്ടം വീണ്ടും ഇടിവിലേക്ക്. പ്രമുഖ ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ടോഫ്ലർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2022-23 സാമ്പത്തിക വർഷത്തിലെ സംയോജിത നഷ്ടം 4,890.6 കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിലെ സംയോജിത നഷ്ടം 3,371.2 കോടി രൂപയായിരുന്നു. രണ്ട് സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സംയോജിത നഷ്ടത്തിൽ 44 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇക്കാലയളവിൽ കമ്പനിയുടെ അറ്റനഷ്ടം 4,839.3 കോടി രൂപയായി ഉയർന്നിട്ടുണ്ട്. പ്രവർത്തന കാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 9.4 ശതമാനം വർദ്ധനവോടെ 56,012.8 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷം ഇത് 51,176 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് ഇക്കാലയളവിൽ 60,858 കോടി രൂപയായിട്ടുണ്ട്. വരുമാനം ഉയർന്നിട്ടും നഷ്ടത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയത് നേരിയ തോതിൽ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. അമേരിക്കൻ കമ്പനിയായ വാൾമാർട്ട് ഗ്രൂപ്പിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള ഇ-കോമേഴ്സ് സ്ഥാപനമാണ് ഫ്ലിപ്കാർട്ട്.
Post Your Comments