തിരുവനന്തപുരം: സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പോലീസ്. അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്‌ക്രീൻ ഷെയർ (സ്‌ക്രീൻ പങ്കുെവക്കൽ) ആപ്ലിക്കേഷനുകൾ. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരുമെന്നും പോലീസ് അറിയിച്ചു.
ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്താൽ അതിലെ സ്‌ക്രീൻ ഷെയറിങ് മാർഗ്ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്. സ്‌ക്രീൻ ഷെയറിംഗ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും. ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ലെന്നും പോലീസ് വ്യക്തമാക്കി.
ഇത്തരം ഫോൺകോളുകൾ, എസ്എംഎസ് സന്ദേശം, ഇ-മെയിലുകൾ എന്നിവ അവഗണിക്കുക. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സിവിസി, ഒടിപി, പിൻ നമ്പറുകൾ എന്നിവ ആരുമായും പങ്കുവെയ്ക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
Read Also: തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനുഷ്യത്വം പിണറായി സർക്കാരിനില്ല: വിമർശനവുമായി കെ സുധാകരൻ
Post Your Comments