ഗർഭകാലത്ത് കൂടുതൽ ശ്രദ്ധ നൽകേണ്ടത് പ്രധാനമാണ്. ഗർഭകാലത്ത് പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ചില ഭക്ഷണങ്ങൾ കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യം നൽകും. ഗർഭകാലത്ത് നിർബന്ധമായും ഗർഭിണി കഴിച്ചിരിക്കേണ്ട പ്രധാനപ്പെട്ട പഴങ്ങളിലൊന്നാണ് മാതളം. ഇതിൽ വിറ്റാമിൻ എ, സി, ഡി, ബി-6, സോഡിയം, പൊട്ടാസ്യം, ഡയെറ്ററി ഫൈബർ, കാൽസ്യം മഗ്നീഷ്യം, അയേൺ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്.
അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ഗുണകരമാകുന്ന പോഷകങ്ങളാണ് ഇവ. മാതളം കഴിക്കുന്നതിലൂടെ ഗർഭിണികളിലെ ഛർദ്ദിയും വിളർച്ചയും ഒരു പരിധി വരെ അകറ്റാം. രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മാതളം സഹായിക്കും.
മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പ്ലാസന്റയ്ക്ക് പരിക്കേൽക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഗർഭകാലത്ത് ശരീര വേദനകൾ സാധാരണയാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് മാതളം. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നൽകുന്നത്. ഇത് ഗർഭകാലത്തുണ്ടാകുന്ന കാൽ വേദനയ്ക്കും നടുവേദനയ്ക്കുമെല്ലാം പരിഹാരമാണ്. മാത്രമല്ല, പൊട്ടാസ്യം ബിപി നിയന്ത്രിച്ചു നിർത്താനും നല്ലതാണ്.
എല്ലുകൾക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മാതളം സഹായിക്കുന്നു. ഇതിലുള്ള കാൽസ്യം എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നുണ്ട്.
Post Your Comments