Latest NewsNewsInternational

ഹമാസ്-ഇസ്രായേൽ യുദ്ധം; ‘എന്തും ചെയ്യാൻ തയ്യാർ’ – ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ചൈനയുടെ വിലയിരുത്തൽ

ന്യൂഡൽഹി: ഹമാസ്-ഇസ്രായേൽ യുദ്ധം പതിനേഴാം ദിവസത്തിലേക്ക് കടന്നിരിക്കുമ്പോൾ ഗാസയിലെ സ്ഥിതിഗതികൾ വളരെ ഗൗരവതരമായാണ് ചൈന വീക്ഷിക്കുന്നത്. വലിയ തോതിലുള്ള കര സംഘർഷം വർദ്ധിക്കുകയും അതിർത്തികളിൽ സായുധ സംഘട്ടനങ്ങൾ വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കാര്യങ്ങളെ വളരെ ഗൗരവമായി തന്നെയാണ് ചൈന വീക്ഷിക്കുന്നതെന്ന് രാജ്യത്തിന്റെ മിഡിൽ ഈസ്റ്റ് പ്രത്യേക ദൂതനെ ഉദ്ധരിച്ച് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

ഇസ്രയേലി-ലെബനീസ്, ഇസ്രായേൽ-സിറിയൻ അതിർത്തികളിൽ സംഘർഷം വ്യാപിക്കുന്നതിനാൽ മേഖലയിലും അന്താരാഷ്ട്രതലത്തിലും സ്പിൽഓവർ പ്രത്യാഘാതങ്ങൾ വർധിച്ചുവരികയാണെന്ന് മിഡിൽ ഈസ്റ്റ് സന്ദർശിക്കുന്ന ദൂതൻ ഷായ് ജുൻ പറഞ്ഞു. ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്താനും അന്താരാഷ്ട്ര മാനുഷിക നിയമം കർശനമായി പാലിക്കാനും, സാഹചര്യം നിയന്ത്രിക്കാനുള്ള സംയുക്ത ശ്രമങ്ങൾ നടത്തുമ്പോൾ ഗുരുതരമായ മാനുഷിക ദുരന്തം ഒഴിവാക്കാനും ബന്ധപ്പെട്ട കക്ഷികളെ പ്രേരിപ്പിക്കുന്ന അടിയന്തര നടപടി സ്വീകരിക്കാനും ഷായ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും വെടിനിർത്തൽ കൈവരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരവും സംഘട്ടനത്തിന് നീതിയുക്തവും ശാശ്വതവുമായ പരിഹാരവും പ്രോത്സാഹിപ്പിക്കുന്നതിന് ഉപകാരപ്രദമായ എന്തും ചെയ്യാൻ ചൈന തയ്യാറാണെന്നും ഷായ് പറഞ്ഞു. മാനുഷിക പ്രതിസന്ധി ലഘൂകരിക്കാൻ സഹായിക്കുന്നതിന് ഐക്യരാഷ്ട്രസഭയിലൂടെയും ഉഭയകക്ഷി ചാനലുകൾ വഴിയും ചൈന പലസ്തീൻകാർക്ക് അടിയന്തര മാനുഷിക സഹായം നൽകിയിട്ടുണ്ട്. തുടർന്നും നൽകുമെന്ന് ഷായ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button