രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ വ്യോമയാന വിപണിയിൽ ചുവടുകൾ ശക്തമാക്കുന്നു. ഈ വർഷം ഡിസംബറോടെ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനാണ് ആകാശ എയറിന്റെ നീക്കം. വിവിധ രാജ്യങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ വിമാനങ്ങൾക്ക് കമ്പനി ഇതിനോടകം ഓർഡർ നൽകിയിട്ടുണ്ട്. നിലവിൽ, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഡൽഹി എന്നിവ ഉൾപ്പെടെ 16 ആഭ്യന്തര റൂട്ടുകളിലാണ് ആകാശ എയർ സർവീസ് നടത്തുന്നത്.
റിയാദ്, ജിദ്ദ, ദോഹ, കുവൈത്ത് തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളിൽ സർവീസ് നടത്താൻ ആകാശ എയറിന് അനുമതി ലഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഈ റൂട്ടുകളിലായിരിക്കും സർവീസ് നടത്താൻ സാധ്യത. 76 പുതിയ ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്കാണ് കമ്പനി ഓർഡർ നൽകിയിട്ടുള്ളത്. 2027 ഓടെയാണ് ഈ വിമാനങ്ങൾ ആകാശ എയറിന് ലഭിക്കുക. അതേസമയം, ഈ വർഷം അവസാനത്തോടെ രണ്ട് പുതിയ എയർക്രാഫ്റ്റുകൾ കമ്പനിക്ക് ലഭിക്കുന്നതാണ്. ഇതോടെ, നടപ്പു സാമ്പത്തിക വർഷത്തിൽ സ്വന്തമാക്കിയ മൊത്തം എയർക്രാഫ്റ്റുകളുടെ എണ്ണം 25 ആയി ഉയരും.
Also Read: യുഎഇയിൽ കെട്ടിടത്തിൽ നിന്നും വീണ് മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ
അന്താരാഷ്ട്ര റൂട്ടുകളിൽ ശക്തമായ സാന്നിധ്യമായി മാറുന്നതോടെ ഐപിഒ നടത്തി ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനും ആകാശ എയർ പദ്ധതിയിടുന്നുണ്ട്. കൂടുതൽ വിമാനങ്ങൾ കമ്പനിയുടെ ഭാഗമാക്കിയതിനുശേഷമാണ് ഓഹരി വിപണിയിലേക്ക് പ്രവേശിക്കുക. നിലവിൽ, ഇൻഡിഗോയും സ്പൈസ് ജെറ്റ് മാത്രമാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വ്യോമയാന കമ്പനികൾ.
Post Your Comments