ന്യൂഡൽഹി: ബന്ദികളാക്കിയ രണ്ട് അമേരിക്കൻ പൌരൻമാരെ ഹമാസ് ഭീകരർ മോചിപ്പിച്ചു. ജൂഡിത് റാണയും, മകൾ നതാലി റാണയുമാണ് മോചിപ്പിക്കപ്പെട്ട അമേരിക്കൻ പൌരൻമാർ. രണ്ടാഴ്ചയോളമായി ഇവർ ഹമാസ് ഭീകരരുടെ തടവിലായിരുന്നു. മോചിപ്പിക്കപ്പെട്ട ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജൂഡിത്തും നതാലി റാണയുമായി ഫോണിൽ സംസാരിച്ചു. ഈ ഭയാനകമായ പരീക്ഷണത്തിൽ നിന്ന് കരകയറിയ നിങ്ങൾക്ക് യുഎസ് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ബൈഡൻ അറിയിച്ചതായി വൈറ്റ് ഹൌസ് വ്യക്തമാക്കി.
അമേരിക്കൻ സ്വദേശികളായ അമ്മയെയും മകളെയുമാണ് “മാനുഷിക കാരണങ്ങളാൽ” മോചിപ്പിച്ചതായി ഹമാസ് അറിയിച്ചത്. സംഘടനയുടെ സായുധ വിഭാഗം വക്താവ് അബു ഉബൈദയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രസ്താവനയിലൂടെ അറിയിച്ചത്.ഹമാസ് ഭീകരർ ബന്ദികളാക്കിയവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ. ഇതിനിടെയാണ് ഭീകരർ സ്വമേധയാ രണ്ട് അമേരിക്കൻ പൗരന്മാരെ വിട്ടയച്ചെന്ന വാർത്ത പുറത്തുവരുന്നത്.
ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്കുള്ള മറുപടിയായാണ് ഇത് ചെയ്യുന്നത്. ബൈഡൻറെ ഫാസിസ്റ്റ് ഭരണകൂടത്തിൻറെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം അമേരിക്കൻ ജനതയോടും ലോകത്തോടും തെളിയിക്കുന്നതിനാണ് മോചനമെന്ന് അബു ഉബൈദ പറഞ്ഞു . ഇരുവരെയും മോചിപ്പിച്ച വിവരം അമേരിക്കയും സ്ഥിരീകരിച്ചു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം ഹമാസ് തടവിലാക്കിയ രണ്ട് പേരും നിലവില്‍ ഇസ്രയേല്‍ അധികൃതരുടെ സംരക്ഷണയിലാണ്.
യുഎസ് എംബസിയില്‍ നിന്നുള്ള സംഘം ഇരുവരെയും ഉടന്‍ നേരില്‍ കാണുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. അതേ സമയം ഹമാസ് ഭീകരർക്കെതിരായ ഇസ്രായേലിൻറെ പോരാട്ടം തുടരുകയാണ്. ഹമാസിന്റെ ഭീകര താവളങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രായേൽ സൈന്യം നീങ്ങുന്നത്. ഗാസയിൽ പാലസ്തീൻ പൌരൻമാരെ തന്നെ ഹമാസ് ഭീകരർ കൊലപ്പെടുത്തുകയാണെന്ന് ഇസ്രായേൽ അറിയിച്ചു.
ഗാസയിലേക്ക് നിരവധി റോക്കറ്റുകളാണ് ഭീകരർ തൊടുത്തുവിടുന്നത്. ഇസ്രായേലി പ്രതിരോധ സേനാ വക്താവ് ലെഫ്റ്റനന്റ് കേണൽ പീറ്റർ ലെർനർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 450 ലധികം റോക്കറ്റുകൾ ഗാസയിൽ തന്നെ വീണു. നിരവധി പാലസ്തീനികൾ ഇരകളായി. അതേ സമയം ഇസ്രായേൽ ലക്ഷ്യമിടുന്നത് തീവ്രവാദികളെ മാത്രമാണ്. ഞങ്ങളുടെ ലക്ഷ്യം ഭീകരർ മാത്രമാണെന്ന് പീറ്റർ ലെർനർ അറിയിച്ചു.
Post Your Comments