ആവശ്യമായ തോതില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്‌ക്കുമെല്ലാം ഗുണം ചെയ്യുന്നതാണ്. കൂടാതെ ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കാനും കൊഴുപ്പും വിഷാംശവുമെല്ലാം പുറന്തള്ളാനും വെള്ളം സഹായിക്കുന്നു. എന്നാല്‍ ഭക്ഷണം കഴിയ്‌ക്കുമ്പോഴാണോ കഴിയുമ്പോഴാണോ വെള്ളം കുടിയ്‌ക്കേണ്ടത്. ഇതിലേതാണ് ആരോഗ്യത്തിന് ഗുണകരം. ഇക്കാര്യത്തില്‍ നിരവധി അഭിപ്രായങ്ങളാണ് പലരും പറയാറുള്ളത്. വണ്ണം കൂടും, ദഹന പ്രശ്‌നങ്ങളുണ്ടാകും എന്നും മറ്റുമാണ് പ്രധാനമായും ഇതിന് കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടാറ്.
എന്നാൽ ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് കൊണ്ട് പറഞ്ഞുകേള്‍ക്കുന്നത് പോലുള്ള യാതൊരു വിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകില്ല എന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ഇഷി ഖോസ്ല പറയുന്നത്. വണ്ണം കൂടാനോ, ദഹനം മന്ദഗതിയിലാക്കാനോ ഇത് കാരണമാവില്ല. എന്നാല്‍ വെള്ളത്തിന് പകരം മറ്റേതെങ്കിലും പാനീയങ്ങളാകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ പോലുള്ള ‘ബീവറേജസ്’ ആണെങ്കില്‍ പൊതുവില്‍ തന്നെ ആരോഗ്യത്തിന് നന്നല്ലെന്നും ഭക്ഷണത്തോട് കൂടിയാണ് ഇവ കഴിക്കുന്നതെങ്കില്‍ അത് തീര്‍ത്തും നല്ലതല്ലെന്നും ഇഷി ഖോസ്ല പറയുന്നു.
അതേസമയം നാരങ്ങവെള്ളം, ഇഞ്ചിയോ പുതിനയിലയോ ചേര്‍ത്ത വെള്ളം എന്നിവ ഭക്ഷണത്തോടൊപ്പം അല്‍പാല്‍പമായി കുടിക്കുന്നത് ഭക്ഷണത്തില്‍ നിന്ന് അവശ്യം പോഷകങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിന് ശരീരത്തെ സഹായിക്കുമെന്നും, വിറ്റാമിന്‍-സിയുടെ ലഭ്യത ഇതിലൂടെ ഉറപ്പുവരുത്താനാകുമെന്നും ഇവര്‍ പറയുന്നു. അതുപോലെ തന്നെ ചായയും കാപ്പിയും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും അത്ര നല്ലതല്ലെന്ന് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നു.
Post Your Comments