Latest NewsNewsInternational

‘മാനുഷിക സഹായം അയക്കുന്നത് തുടരും’: പലസ്തീൻ പ്രസിഡന്റിനെ ഫോണിൽ ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഹമാസ്-ഇസ്രായേൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഫോണിൽ ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാസയിലെ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിൽ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി മോദി അനുശോചനം അറിയിച്ചു. ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടെ, ഫലസ്തീൻ ജനതയ്ക്ക് ഇന്ത്യ മാനുഷിക സഹായം അയക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

‘ഭീകരവാദം, അക്രമം, മേഖലയിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം എന്നിവയിൽ ഞങ്ങളുടെ അഗാധമായ ആശങ്ക പങ്കുവെച്ചു. ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാല തത്ത്വപരമായ നിലപാട് ആവർത്തിച്ചു’, പലസ്തീൻ അതോറിറ്റി പ്രസിഡന്റുമായി സംസാരിച്ചതിന് ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.

ഒക്‌ടോബർ 7-ന് ഭീകരസംഘം അപ്രതീക്ഷിത ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുകയാണ്. ഇതിന് മറുപടിയായി ഹമാസിനെതിരെ ഇസ്രായേൽ യുദ്ധം പ്രഖ്യാപിക്കുകയും ഗാസ മുനമ്പിലെ ഹമാസ് പ്രവർത്തകരെയും അവരുടെ താവളങ്ങളെയും ലക്ഷ്യമിട്ട് തിരിച്ചടിക്കുകയും ചെയ്തു. അതിനിടെ, നൂറുകണക്കിന് സിവിലിയന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഗാസയിലെ ആശുപത്രിയിലുണ്ടായ സ്ഫോടനം ലോകനേതാക്കളിൽ നിന്ന് ശക്തമായ അപലപത്തിന് ഇടയാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ വ്യോമാക്രമണമാണ് സ്ഫോടനത്തിന് കാരണമായതെന്ന് ഹമാസ് ആരോപിച്ചപ്പോൾ, സംഭവത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button